പെട്രോൾ പമ്പുകളിൽ സ്റ്റോക്കില്ലെന്ന് പ്രചാരണം ടാങ്ക് നിറയ്ക്കാൻ നെട്ടോട്ടം!
തൃശൂർ: സംസ്ഥാനത്ത് ഇന്ധനം കാര്യമായി സ്‌റ്റോക്കില്ലെന്ന പ്രചാരണം ശക്തമായതോടെ തൃശൂർ ജില്ലയിലെ പെട്രോൾ പമ്പുകളിൽ വാഹനങ്ങളുടെ വൻ നിര. ചില പമ്പുകളിൽ 'നോ സ്റ്റോക്ക്' ബോർഡുകൾ പ്രത്യക്ഷപ്പെട്ടതോടെ ജനങ്ങൾ ഒന്നിച്ച് ഇന്ധനം നിറയ്ക്കാൻ എത്തുന്നതാണ് തിരക്കിന് കാരണം. കമ്പനികളിൽ നിന്നുള്ള പെട്രോൾ വരവിൽ കുറവുണ്ടായെന്നാണ് പ്രചാരണം. പൊതുമേഖലാ എണ്ണക്കമ്പനികൾ വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയെന്ന് ചില പമ്പുടമകൾ പറയുന്നു. മുൻപ് സ്റ്റോക്കെടുക്കാൻ നിർബന്ധിപ്പിച്ചിരുന്ന കമ്പനികൾ, ഇപ്പോൾ മുൻകൂർ സ്റ്റോക്ക് നൽകാൻ വിസമ്മതിച്ചതോടെയാണ് ചിലയിടങ്ങളിൽ നോ സ്‌റ്റോക്ക് ബോർഡ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ, സ്റ്റോക്ക് തീരുന്ന മുറയ്ക്ക് ഇന്ധനം എത്തിക്കുന്നുണ്ടെന്നും വിതരണത്തിൽ നിയന്ത്രണമില്ലെന്നുമാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.
രൊക്കം പണം വേണം
പമ്പുകളിലെ ശരാശരി ഉപഭോഗം കണക്കാക്കി അത്യാവശ്യത്തിനുള്ള സ്റ്റോക്ക് മാത്രമാണ് ഇപ്പോൾ കമ്പനികൾ നൽകുന്നത്. പെട്രോൾ, ഡീസൽ വില കൂട്ടുന്നതിന് മുന്നോടിയായി കമ്പനികൾ ആവശ്യത്തിന് സ്റ്റോക്ക് നൽകാത്തതാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. പിന്നാലെയാണ് പമ്പുടമകളും സ്റ്റോക്ക് ക്ഷാമമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്. മുൻപ് ക്രെഡിറ്റ് വ്യവസ്ഥയിലാണ് ഇന്ധനം നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ മുഴുവൻ തുകയും ഒന്നിച്ച് അടയ്ക്കുന്നവർക്ക് മാത്രമാണ് സ്റ്റോക്ക് നൽകുന്നതെന്ന് ഫെഡറേഷൻ ഒഫ് ആൾ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് പ്രതിനിധികൾ വ്യക്തമാക്കുന്നു. മുൻകൂട്ടി പണം അടയ്‌ക്കേണ്ടി വന്നതോടെ പമ്പുടമകളും ഇന്ധനം ഒന്നിച്ചെടുക്കുന്നത് കുറച്ചു. ഇതോടെയാണ് പല പമ്പുകളിലും നോ സ്‌റ്റോക്ക് ബോർഡ് വന്നത്.
കൺപാർത്തിരിക്കുന്നു കരിഞ്ചന്തക്കാർ
ഇന്ധനക്ഷാമം മുതലെടുക്കാൻ കരിഞ്ചന്തക്കാരും രംഗത്തുണ്ട്. ക്ഷാമം നേരിടുന്ന മുറയ്ക്ക് ജനങ്ങൾക്ക് വലിയ വിലയിൽ പെട്രോൾ നൽകാനുള്ള ഒരുക്കത്തിലാണിവർ. പമ്പുകളിൽ തിരക്ക് കൂടുമ്പോൾ ഇന്ധനം ശേഖരിച്ചുവച്ച് ലിറ്ററിന് 50 മുതൽ 100 രൂപ വരെ അധികം വാങ്ങി വിൽപ്പന നടത്താനാണ് നീക്കം.
- ഒരു പമ്പിലെ ശരാശരി പെട്രോൾ വിൽപ്പന 3,000 മുതൽ 4,000 ലിറ്റർ
- തിരക്കേറിയ ഇടങ്ങളിലെ പമ്പുകളിൽ 7,000 മുതൽ 8,000 ലിറ്റർ
ഒരു ഉപഭോക്താവിന് 5,000 രൂപയിൽ കൂടുതൽ പെട്രോൾ നൽകരുതെന്ന് കേട്ടിരുന്നു. എന്നാൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. സ്റ്റോക്ക് പഴയതുപോല യഥേഷ്ടമില്ല. പി. ഗോപിനാഥ്, ബി.എം.ടി ഫ്യുവൽസ് പമ്പുടമ, തൃശൂർ