പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിച്ചേക്കും: ആശങ്ക വേണ്ട,സീറ്റുണ്ടാകും!

Sunday 17 May 2026 12:30 AM IST

തൃശൂർ: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ, ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് ഇത്തവണയും സീറ്റുകൾ വർദ്ധിപ്പിച്ചേക്കും. ഉപരിപഠനത്തിന് ആവശ്യത്തിന് സീറ്റുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ വ്യക്തമാക്കുമ്പോഴും, പ്രതിസന്ധി ഒഴിവാക്കാനാണ് സീറ്റ് വർദ്ധനവിന് ഒരുങ്ങുന്നത്. കഴിഞ്ഞതവണ ഹയർ സെക്കൻഡറി വിഭാഗത്തിൽ 33,000ൽ ഏറെ സീറ്റാണ് ലഭ്യമായിരുന്നത്. അത്രയും സീറ്റുകളും അതിനൊപ്പം നിശ്ചിത ശതമാനം സീറ്റ് വർദ്ധനയും ഇത്തവണയും ഉണ്ടാകുമെന്ന് ആർ.ഡി.ഡി ഓഫീസ് വ്യക്തമാക്കുന്നു. 98.83 ശതമാനം വിജയത്തോടെ 34,831 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞതവണ ഇത് 35,776 ആയിരുന്നു. നിലവിലെ വിജയശതമാനത്തിന് പുറമേ, സി.ബി.എസ്.ഇ പരീക്ഷാ വിജയികളും എസ്.എസ്.എൽ.സി സേ പരീക്ഷ എഴുതി വിജയിക്കുന്നവരും കൂടി എത്തുന്നതോടെ പ്രവേശനം കാത്തിരിക്കുന്നവരുടെ ആകെ എണ്ണം ഇനിയും വർദ്ധിക്കും. ഓരോ വിഭാഗത്തിലും നിശ്ചിത ശതമാനം സീറ്റ് വർദ്ധിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടില്ലാതെ പ്ലസ് വൺ പ്രവേശനം ഉറപ്പാക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.

മെറിറ്റ് സീറ്റ് 21,000ൽ ഏറെ

270ലേറെ സ്‌കൂളുകളിലെ ആകെയുള്ള സീറ്റുകളിൽ 21,000ൽ ഏറെയാണ് മെറിറ്റ് സീറ്റ്. കഴിഞ്ഞതവണ 271 സ്‌കൂളുകളിലായി 20,999 മെറിറ്റ് സീറ്റുകളായിരുന്നു. കഴിഞ്ഞ തവണ സർക്കാർ സ്‌കൂളുകളിൽ 10,779ഉം, എയ്ഡഡ് സ്‌കൂളുകളിൽ 10,220 ആയിരുന്നു മെറിറ്റ് സീറ്റ്. സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശന ഹെൽപ് ഡെസ്‌ക് ഉടൻ ആരംഭിക്കും.

കഴിഞ്ഞ തവണ

അൺ എയ്ഡഡ്, സ്‌പോർട്‌സ്, മാനേജ്‌മെന്റ്, കമ്മ്യൂണിറ്റി- 11,556 വൊക്കേഷണൽ ഹയർ സെക്കൻഡറി- 36 സ്‌കൂളുകൾ, 2,880 സീറ്റ് ഐ.ടി.ഐ- 4,746 സീറ്റ് പോളി ടെക്‌നിക്- 1,360

പ്ലസ് വൺ പ്രവേശനം:

ഓൺലൈൻ അപേക്ഷ മേയ് 25 മുതൽ

സേ പരീക്ഷ

പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ.

സീറ്റുകൾ സംബന്ധിച്ചുള്ള അന്തിമ പട്ടിക രണ്ട് ദിവസത്തിനുള്ളിലേ ലഭ്യമാകൂ. ആവശ്യത്തിന് സീറ്റുകളുണ്ടാകുമെന്ന് ഉറപ്പാണ്.

ഡോ.ഡി.ജെ.സതീഷ് ആർ.ഡി.ഡി, തൃശൂർ.