മുണ്ടത്തിക്കോട് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണം തുടങ്ങി

Thursday 21 May 2026 12:10 AM IST

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള സർക്കാർ പ്രഖ്യാപിച്ച ധനസഹായ വിതരണം തുടങ്ങി. ഇതിനകം പത്തു പേർക്കാണ് ധനസഹായം വിതരണം ചെയ്തത്. സർക്കാർ ആദ്യഘട്ടത്തിൽ അനുവദിച്ച തുകയിൽ നിന്നാണ് 10 പേർക്ക് തുക കൈമാറിയത്. ലൈസൻസി സതീഷിന് നാലു ലക്ഷം രൂപ കൈമാറി. ബാക്കി തുക ഉടൻ വിതരണം ചെയ്യും. ഡി.എൻ.എ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞവർക്കാണ് ഇനിയും സഹായധനം നൽകാനുള്ളത്. ഇവരുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ പറഞ്ഞു. 16 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സി.എം.ആർ.ഡി.എഫിൽ നിന്നും 10 ലക്ഷം രൂപയും എസ്.ഡി.ആർ.എഫിൽ നിന്നും നാലു ലക്ഷം രൂപയുമാണ് നൽകുന്നത്. പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇത് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നൽകി. കേന്ദ്രസർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിച്ച തുകയുടെ വിതരണവും ആരംഭിച്ചു. ഓൺലൈൻ വഴിയാണ് ഇതിന് അപേക്ഷകൾ സമർപ്പിക്കുന്നത്. അവകാശിയുടെ അക്കൗണ്ടിലേക്ക് നേരിട്ടാണ് തുക വരിക. രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയുമാണ് പ്രഖ്യാപിച്ചിരുന്നത്.

ദേവസ്വത്തിന്റെ തുകയും നൽകും

തിരുവമ്പാടി ദേവസ്വവും ധനസഹായം പ്രഖ്യാപിച്ചിരുന്നു. ദേവസ്വം പ്രവർത്തകരുടെ കുടുംബങ്ങൾക്കും വെടിക്കെട്ട് കരാറുകാരൻ സതീഷിന്റെ കുടുംബത്തിനും 5 ലക്ഷം രൂപയാണ് നൽകുന്നത്. തൊഴിലാളികളുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയും. പരിക്കേറ്റവർക്ക് പരിക്കിന്റെ അടിസ്ഥാനത്തിലും നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾക്ക് അനുസരിച്ചുമുള്ള ധനസഹായവുമാണ് നൽകുക.

ലുലു ഗ്രൂപ്പ്, മണപ്പുറം ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളും സംഘടനകളും സഹായം പ്രഖ്യാപിച്ചിരുന്നു. ഇതും ഉടൻ കൈമാറുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.