കിഫ്ബി പ്രതിസന്ധിയിൽ; അത്താണി ഓട്ടുപാറ മാർക്കറ്റ് പ്രതിസന്ധിയിൽ

Thursday 21 May 2026 12:54 AM IST

വടക്കാഞ്ചേരി: കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനം പ്രതിസന്ധിയിലായതോടെ, വടക്കാഞ്ചേരി നഗരസഭയിലെ അത്താണി, ഓട്ടുപാറ മാർക്കറ്റ് പദ്ധതികളുടെ ഭാവി ത്രിശങ്കുവിൽ. കിഫ്ബി സി.ഇ.ഒ പദവിയിൽ നിന്ന് ഡോ. കെ.എം. എബ്രഹാം ഒഴിയുകയും, ബോർഡിന്റെ പ്രവർത്തനം അടിമുടി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പദ്ധതികൾ അനിശ്ചിതത്വത്തിലായത്. ആറു മാസം മുമ്പ് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പദ്ധതികളുടെ തറക്കല്ലിട്ടതല്ലാതെ, പിന്നീട് യാതൊരുവിധ നിർമ്മാണവും നടന്നിട്ടില്ല. കിഫ്ബിയുടെ നിലവിലെ പ്രതിസന്ധിയോടെ ഈ പദ്ധതികൾ ഇനി എന്ന് യാഥാർത്ഥ്യമാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. 2019 ൽ കോഴിക്കോട് രാം ബയോളജിക്കലാണ് കെട്ടിടത്തിന്റെ ഡി.പി.ആർ തയ്യാറാക്കിയത്.

അത്യാധുനിക സൗകര്യങ്ങൾ

110.86 സെന്റിൽ മൂന്ന് നിലകളിലായാണ് ഓട്ടുപാറയിൽ കെട്ടിടം. 28 സ്റ്റാളുകളുള്ള മത്സ്യ മാർക്കറ്റ്,13 സ്റ്റാളുളോടു കൂടിയ മാർക്കറ്റും ഓഫീസും ഉണ്ടാകും. രണ്ട് ബ്ലോക്കുകളായി തരംതിരിക്കും. അത്താണി മാർക്കറ്റിന് 30.89 സെന്റ് സ്ഥലമാണ് നീക്കി വച്ചത്. ഒന്നാമത്തെ നിലയിൽ ഫ്രൂട്ട്‌സ് ആൻഡ് വെജിറ്റബിൾ ഷോപ്പ്, മത്സ്യ സ്റ്റാളുകൾ,സ്റ്റോറേജ് ഫെസിലിറ്റി എന്നിവ ഉണ്ടാകും. രണ്ടാമത്തെ നിലയിൽ വാണിജ്യ കടകൾ,മീറ്റ് സ്റ്റാളുകൾ,കോൾഡ് സ്റ്റോറേജ് എന്നിവ ഒരുക്കും. മൂന്നാമത്തെ നിലയിൽ ഒരു ഫുഡ് കോർട്ട്, പൊതു അടുക്കള എന്നിവയാണ്. മലിനജല ശുദ്ധീകരണ പ്ലാന്റ് സംവിധാനവും തയ്യാറാക്കും. എല്ലാ നിലകളിലും സെൻട്രലൈസ്ഡ് എയർകണ്ടീഷൻ സിസ്റ്റവും ലിഫ്റ്റ്,സോളാർ യൂണിറ്റും ഉണ്ടാകും.