കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് 

Tuesday 07 April 2026 1:29 AM IST
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ രതീഷിനെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചപ്പോൾ

മാനന്തവാടി: വനമേഖലയിൽ ആടിനെ മേയ്ക്കാൻ പോയ ശാരീരിക വൈകല്യമുള്ള യുവാവിനെ കാട്ടാന ആക്രമിച്ചു. കാട്ടിക്കുളം മാനിവയൽ ആലത്തൂർ ഉന്നതിയിലെ രതീഷ് (38) നെയാണ് കാട്ടാന ആക്രമിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ ആലത്തൂരിൽ ആടുകളെ മേയ്ക്കുന്നതിനിടെ കാട്ടാന പാഞ്ഞടുക്കുകയും ആക്രമിക്കുകയുമായിരുന്നു.

വനം വകുപ്പിന്റെ സോളാർ ഫെൻസിംഗ് നിർമ്മാണം നടക്കുന്നതിന്റെ പരിസരത്തായിരുന്നു സംഭവം. ഉടൻ തന്നെ അവിടെയുണ്ടായിരുന്ന വനപാലകർ സ്ഥലത്തെത്തി രതീഷിനെ മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൈക്കും, അടിവയറിനുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്ക് ഗുരുതരമല്ല.