ജില്ലയിൽ പോളിംഗ് ശതമാനം ഉയർന്നു
കൽപ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പോളിംഗ് ശതമാനം ഉയർന്നു. ഒടുവിൽ വിവരം ലഭിക്കമ്പോൾ 78.81 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2021ൽ 76.72 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. അന്തിമ കണക്ക് ലഭ്യമാകുന്നതോടെ ജില്ലയിൽ പോളിംഗ് ശതമാനം 80 ന് മുകളിൽ ഉയരാൻ ഇടയുണ്ട്. കൽപ്പറ്റ നിയോജക മണ്ഡലത്തിൽ 80.35 ശതമാനവും മാനന്തവാടി നിയോജക മണ്ഡലത്തിൽ 78.96 ശതമാനവും, സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ 77.21 ശതമാനവുമാണ് പോളിംഗ്. ജില്ലയിൽ ആകെ 715 പോളിംഗ് ബൂത്തുകളാണുണ്ടായിരുന്നത്. രാവിലെ 5.30ന് തന്നെ എല്ലാ ബൂത്തുകളിലും പോളിംഗ് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ മോക് പോളിംഗ് ആരംഭിച്ചു. തുടർന്ന് വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റ് മെഷീനുകളും സീൽ ചെയ്ത് ഏഴ് മണി മുതൽ പോളിംഗ് ആരംഭിച്ചു. രാവിലെ മുതൽ തന്നെ മിക്ക ബൂത്തുകളിലും നല്ല ജനത്തിരക്ക് അനുഭവപ്പെട്ടു. രാവിലെ ഒൻപത് മണിക്ക് 16.38 ശതമാനമായിരുന്ന പോളിംഗ് നിരക്ക് 11 മണിയോടെ 33 ശതമാനത്തിലേക്ക് ഉയർന്നു. ഉച്ചയ്ക്ക് ഒരു മണി പിന്നിട്ടപ്പോഴേക്കും ജില്ലയിലെ പോളിംഗ് ശതമാനം 50 കടന്നു. പോളിംഗ് സമയം അവസാനിച്ച വൈകന്നേരം ആറിനും പല ബൂത്തുകളിലും വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർമാർ ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താൻ അവസരമൊരുക്കി.കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകൻ ഡോ. ശ്രീധർ ബാബു അധാൻകി, പൊലീസ് നിരീക്ഷകൻ ഡോ. വിഷ്ണുകാന്ത്, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ജില്ലാ പൊലീസ് മേധാവി അരുൺ കെ പവിത്രൻ എന്നിവർ പ്രവർത്തനങ്ങൾ തത്സമയം ഏകോപിപ്പിച്ചു. ബൂത്തുകളിലെ പോളിങ് നടപടികൾ പൂർത്തിയാക്കി രാത്രിയോടെ വോട്ടിങ് മെഷീനും അനുബന്ധ സാമഗ്രികളും മൂന്ന് മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളിൽ തിരിച്ചെത്തിച്ചു. ഇവിടങ്ങളിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ട്രോങ് റൂമുകളിൽ കനത്ത സുരക്ഷയിലാണ് മെഷീനുകൾ സൂക്ഷിക്കുന്നത്.