ബാങ്കുകളുടെ ലാഭത്തിലും വരുമാനത്തിലും വന്‍ വര്‍ദ്ധനവ്; കിട്ടാക്കടങ്ങളും കുറയുന്നു

Wednesday 13 May 2026 12:01 AM IST

അറ്റാദായം 1.98 ലക്ഷം കോടി രൂപയായി

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ 12 പൊതുമേഖല ബാങ്കുകളുടെ സംയുക്ത അറ്റാദായം 11.1 ശതമാനം വര്‍ദ്ധനയോടെ 1.98 ലക്ഷം കോടി രൂപയിലെത്തി റെക്കാഡിട്ടു. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് പൊതുമേഖല ബാങ്കുകള്‍ ലാഭക്ഷമത ഉയര്‍ത്തുന്നത്. ആസ്തികളുടെ ഗുണമേന്മ മെച്ചപ്പെട്ടതും വായ്പാ വിതരണത്തിലെ വര്‍ദ്ധനയും പലിശ വരുമാനം ഉയര്‍ന്നതുമാണ് നേട്ടമായത്. സംയോജിത പ്രവര്‍ത്തന ലാഭം 3.21 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

പൊതുമേഖല ബാങ്കുകളുടെ മൊത്തം ബിസിനസ് 12.8 ശതമാനം വര്‍ദ്ധനയോടെ 283.3 ലക്ഷം കോടി രൂപയിലെത്തി. സംയുക്ത നിക്ഷേപം 10.6 ശതമാനം ഉയര്‍ന്ന് 156.3 ലക്ഷം കോടി രൂപയായി. വായ്പാ വിതരണം 15.7 ശതമാനം വര്‍ദ്ധനയോടെ 127 ലക്ഷം കോടി രൂപയായി. അതിവേഗം വളരുന്ന ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുന്നതില്‍ പൊതുമേഖല ബാങ്കുകള്‍ക്കുള്ള ശേഷിയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രകടനം വ്യക്തമാക്കുന്നതെന്ന് ധനകാര്യ മന്ത്രാലയം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കിട്ടാക്കടങ്ങള്‍ കുറയുന്നു

അവലോകന കാലയളവില്‍ കിട്ടാക്കടം ഗണ്യമായി കുറയ്ക്കാന്‍ പൊതുമേഖല ബാങ്കുകള്‍ക്ക് കഴിഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തി 1.93 ശതമാനമായി കുറഞ്ഞു. അറ്റ എന്‍.പി.എ 0.39 ശതമാനത്തിലേക്ക് താഴ്ന്നു. എല്ലാ പൊതുമേഖല ബാങ്കുകളുടെയും പ്രൊവിഷനിംഗ് തോത് 90 ശതമാനത്തിന് മുകളിലാണ്. കിട്ടാക്കടങ്ങള്‍ പിരിക്കുന്നതില്‍ ബാങ്കുകള്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. എഴുതി തള്ളിയ അക്കൗണ്ടുകളില്‍ നിന്നടക്കം 86,971 കോടി രൂപയാണ് കിട്ടാക്കടങ്ങളില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചെടുത്തത്.

മൊത്തം ബിസിനസ് - 283.3 ലക്ഷം കോടി രൂപ

പൊതുമേഖല ബാങ്കുകള്‍ - എസ്.ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കനറാ ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, യൂകോ ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്ട്ര, പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്ക്