റെക്കാഡ് ഇടിവ് തുടർന്ന് രൂപ

Thursday 14 May 2026 12:23 AM IST

കടുത്ത നടപടികൾക്ക് കേന്ദ്രം

കൊച്ചി: ഇന്ധന വിലയിലെ കുതിപ്പും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ നഷ്‌ടത്തോടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തലമായ 95.80ൽ അവസാനിച്ചു. ക്രൂഡോയിൽ വില ബാരലിന് 107 ഡോളറിൽ തുടരുന്നതും ആഗോള തലത്തിൽ ഡോളർ കരുത്താർജിക്കുന്നതുമാണ് രൂപയ്ക്ക് സമ്മർദ്ദം സൃഷ്‌ടിക്കുന്നത്. എണ്ണക്കമ്പനികളും ഇറക്കുമതി സ്ഥാപനങ്ങളും വലിയ തോതിൽ ഡോളർ വാങ്ങികൂട്ടുന്നതാണ് വെല്ലുവിളി. യുദ്ധ സാഹചര്യം കടുത്തതോടെ നിക്ഷേപകർ സുരക്ഷിതത്വം തേടി ഡോളറിലേക്ക് പണമൊഴുക്കി. ഇതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ കരുത്താർജിച്ചു. ഏഷ്യയിലെ പ്രധാന നാണയങ്ങളിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടതും രൂപയാണ്.

ഒരു വർഷത്തിനിടെ രൂപയുടെ മൂല്യത്തിൽ 11 ശതമാനം ഇടിവാണുണ്ടായത്. ഇറക്കുമതി ചെലവ് കുത്തനെ കൂടുന്നതിനാൽ ഇന്ത്യയുടെ വ്യാപാര കമ്മിയും ബാലൻസ് ഒഫ് പേയ്‌മെന്റ്‌സും അപകടത്തിലേക്ക് നീങ്ങുകയാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ പിന്മാറുന്നതും രൂപയ്ക്ക് സമ്മർദ്ദം ഉയർത്തുന്നു. നടപ്പുവർഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ രണ്ട് ലക്ഷം കോടി രൂപയിലധികമാണ് ഇന്ത്യയിൽ നിന്ന് പിൻവലിച്ചത്.

സ്വർണ തീരുവ വർദ്ധന നേട്ടമാകില്ല

വിദേശ നാണയ ശേഖരം സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി തീരുവ ഇരട്ടിയാക്കിയതും രൂപയ്ക്ക് ഗുണമാകില്ലെന്ന് വിലയിരുത്തുന്നു. ആഗോള മേഖലയിൽ ക്രൂഡോയിൽ, സ്വർണം തുടങ്ങിയ ഉത്പന്നങ്ങളുടെ രൂക്ഷമായ വിലക്കയറ്റമാണ് ഇറക്കുമതി ചെലവ് ഉയർത്തുന്നത്. ആഭ്യന്തര ഉപഭോഗം കുറയ്ക്കാൻ മാത്രമേ നിലവിലെ തീരുവ വർദ്ധന സഹായിക്കൂവെന്നും വ്യാപാരികൾ പറയുന്നു.

റിസർവ് ബാങ്ക് ഇടപെട്ടേക്കും

രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാൻ റിസർവ് ബാങ്ക് വിപണി ഇടപെടൽ ശക്തമാക്കും. വിദേശ നാണയ വ്യാപാരത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാൻ പുതിയ നടപടികൾ കേന്ദ്ര ബാങ്ക് ആലോചിക്കുകയാണ്. നാണയപ്പെരുപ്പം കുതിച്ചുയരുന്നതിനാൽ മുഖ്യ പലിശ നിരക്ക് വർദ്ധിപ്പിക്കാനും ആലോചനയുണ്ട്. പലിശ കൂടുന്നതും രൂപയ്ക്ക് പിന്തുണയാകും.