മിൽമയുടെ  മിൽക്ക് ബട്ടൂര വിപണിയിൽ

Wednesday 20 May 2026 12:19 AM IST

കോഴിക്കോട്: മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡെവലപ്പ്‌മെന്റ് ഫൗണ്ടേഷൻ (എം.ആർ.ഡി.എഫ്) മിൽക്ക് ബട്ടൂര വിപണിയിലിറക്കി. പെരിങ്ങളത്തെ എം.ആർ.ഡി.എഫ് അങ്കണത്തിൽ മിൽമ ചെയർമാനും എം.ആർ.ഡി.എഫ് മാനേജിംഗ് ട്രസ്റ്റിയുമായ കെ.എസ്.മണി എം.ആർ.ഡി.എഫ് ട്രസ്റ്റി പി.പി. സത്യന് നൽകി വിപണനോദ്ഘാടനം നിർവഹിച്ചു.

മിൽമ പാൽ ചേർത്ത് നിർമ്മിക്കുന്ന 10 ബട്ടൂരകളടങ്ങിയ പായ്ക്കറ്റിന് 55 രൂപയാണ് വില. മിൽമ പാർലറുകൾ, ഷോപ്പികൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ലഭ്യമാകും. പാക്കറ്റിൽ ലഭിക്കുന്ന ബട്ടൂര തിളച്ച വെളിച്ചെണ്ണയിലിട്ട് പൊരിച്ചെടുത്താൽ മതി. അടുത്തിടെ പുറത്തിറക്കിയ ഗീ ഉപ്പുമാവ്, ബട്ടർ ഇടിയപ്പം, ഗീ ചപ്പാത്തി, പുളിശ്ശേരി, പാലട പായസം, റെഡി ടു കുക്ക് വെജിറ്റബിൾ ബിരിയാണി തുടങ്ങിയവ വിപണിയിൽ വൻ ഹിറ്റാണ്. മിൽമയുടെ ഭക്ഷ്യോത്പന്നങ്ങളുടെ എണ്ണം വർദ്ധിക്കുന്നതും ജനപ്രിയമാകുന്നതും കണക്കിലെടുത്താണ് മിൽമ ഫുഡ് ഡിവിഷൻ രൂപീകരിക്കുന്നതെന്ന് ചെയർമാൻ കെ.എസ്. മണി പറഞ്ഞു.

മലബാർ മിൽമ ഡയറക്ടർ പി.ശ്രീനിവാസൻ, എം.ആർ.ഡി.എഫ് ട്രസ്റ്റി സുജാത, സി.ഇ.ഒ ജോർജ് കുട്ടി ജേക്കബ്, മിൽമ സീനിയർ ഡെയറി മാനേജർ മാത്യു വർഗീസ്, മാർക്കറ്റിംഗ് മാനേജർ സന്തോഷ് പി.ആർ, ഫിനാൻസ് മാനേജർ വി.പി ജയനാരായണൻ എന്നിവർ പങ്കെടുത്തു.