
ചെന്നൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർ കിംഗ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തിനിടെ സഞ്ജുവിന്റെ കലിപ്പ് മൂഡ് കണ്ട് ആരാധകർ ഞെട്ടി. എതിർ ടീമിലെ ഹെൻറിച്ച് ക്ലാസനെ ധോണി സ്റ്റൈലിൽ മിന്നൽ വേഗത്തിൽ സ്റ്റംപ് ചെയ്ത് ഔട്ടാക്കിയതിനെ തുടർന്നാണ് ഗ്രൗണ്ടിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പൊതുവെ കളിക്കളത്തിൽ ശാന്തനായി കാണപ്പെടുന്ന സഞ്ജുവിന്റെ രൂപമാറ്റം കണ്ട് എല്ലാവരും അതിശയിച്ചു. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
181 റൺസ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന ഹൈദരാബാദിനായി 26 പന്തിൽ 47 റൺസെടുത്ത് മികച്ച ഫോമിൽ കളിക്കുകയായിരുന്നു ക്ലാസൻ. 15-ാം ഓവറിൽ നൂർ അഹമ്മദിന്റെ പന്തിൽ സഞ്ജു സാംസൺ ക്ലാസനെ മിന്നൽ സ്റ്റംപിംഗിലൂടെ പുറത്താക്കുകയായിരുന്നു. ഞൊടിയിടമാത്രം ക്രീസിൽ നിന്ന് ഉയന്ന ക്ലാസന്റെ കാലുകൾ സ്റ്റംപിംഗിൽ ആദ്യം ആശയക്കുഴപ്പം ഉണ്ടാക്കിയെങ്കിലും തേർഡ് അംപയർ റീപ്ലേയിലൂടെ ഔട്ട് ഉറപ്പിച്ചു. തുടർന്ന് ചെന്നൈയുടെ ആഹ്ലാദപ്രകടനത്തിനിടെ ക്ലാസനും സഞ്ജുവും തർക്കത്തിലേർപ്പെടുകയായിരുന്നു. സഞ്ജുവിനോട് ദേഷ്യത്തിൽ ക്ലാസൻ സംസാരിക്കുന്നതും സഞ്ജു തിരിച്ച് രൂക്ഷമായി നോക്കുന്നതും വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. തുടർന്ന് ചെന്നൈ താരം ശിവം ദുബെ പ്രശ്നത്തിൽ ഇടപെടുകയും രംഗം ശാന്തമാക്കാൻ ശ്രമിക്കുകയും ചെയ്തു. അംപയർ സഞ്ജുവിനോട് സംസാരിച്ച ശേഷമാണ് കളി പുനഃരാരംഭിച്ചത്.
ഇതൊക്കെയാണെങ്കിലും സഞ്ജുവിന്റെ കിടിലൻ സ്റ്റംപിംഗ് കണ്ട ത്രില്ലിലായിരുന്നു ആരാധകർ. ധോണിയുടെ മിന്നൽ സ്റ്റംപിംഗിന്റെ ഓർമകളിലേക്ക് സഞ്ജു തങ്ങളെ കൂട്ടിക്കൊണ്ടുപോയി എന്നാണ് ആരാധകരുടെ പ്രതികരണം. ചെപ്പോക്കിലെ നിമിഷങ്ങൾക്ക് സാക്ഷിയായി ധോണിയും ഡ്രസിംഗ് റൂമിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |