SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.07 PM IST

മോദിയോടുള്ള ആ ചോദ്യം വൈറൽ; ആരാണ് നോർവീജിയൻ മാദ്ധ്യമപ്രവർത്തക ഹെല്ലെ ലിംഗ്?

helle-lyng

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യൂറോപ്യൻ പര്യടനത്തിനിടെ മാദ്ധ്യമസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും ചൊല്ലി വിദേശ മാദ്ധ്യമങ്ങളും ഇന്ത്യൻ നയതന്ത്രപ്രതിനിധികളും തമ്മിൽ നടന്ന വാക്പോരാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്. നോർവേ തലസ്ഥാനമായ ഓസ്ലോയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഒരു വനിതാ മാദ്ധ്യമപ്രവർത്തകയുമായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ്ജ് നടത്തിയ കടുത്ത വാദപ്രതിവാദങ്ങളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനങ്ങളെയും അവകാശ ലംഘനങ്ങളെയും കുറിച്ച് ആവർത്തിച്ച് ചോദ്യങ്ങൾ ഉന്നയിച്ച മാദ്ധ്യമപ്രവർത്തകയോട് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ ഇന്ത്യയിലെ കോടതികളെ സമീപിക്കാനാണ് സിബി ജോർജ്ജ് മറുപടി നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറും സംയുക്ത പ്രസ്താവന നടത്തി വേദി വിടുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. നോർവീജിയൻ പത്രമായ ഡാഗ്‌സാവിസനിലെ മാദ്ധ്യമപ്രവർത്തക ഹെല്ലെ ലിംഗ് സ്വെൻസൻ "പ്രധാനമന്ത്രി മോദി, ലോകത്തിലെ ഏറ്റവും മാധ്യമ സ്വാതന്ത്ര്യമുള്ള രാജ്യത്ത് നിന്നുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാത്തത് എന്തുകൊണ്ടാണ്?" എന്ന് ഉറക്കെ വിളിച്ചു ചോദിക്കുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രി ഇതിനോട് പ്രതികരിക്കാതെ വേദി വിട്ടു.

ഇതിനുപിന്നാലെ നടന്ന ഔദ്യോഗിക വാർത്താസമ്മേളനത്തിലാണ് ഇതേ വിഷയം ഉന്നയിച്ച് മാദ്ധ്യമപ്രവർത്തകയും വിദേശകാര്യ മന്ത്രാലയവും തമ്മിൽ കടുത്ത തർക്കമുണ്ടായത്. ജനാധിപത്യ മൂല്യങ്ങളുടെ കാര്യത്തിൽ ഇന്ത്യയെ എങ്ങനെ വിശ്വസിക്കുമെന്ന ചോദ്യത്തിന് ഇന്ത്യയുടെ വലിപ്പവും ജനാധിപത്യ അടിത്തറയും മനസ്സിലാക്കാതെയാണ് ഇത്തരം ചോദ്യങ്ങൾ ഉയരുന്നതെന്ന് സിബി ജോർജ്ജ് തുറന്നടിച്ചു. തർക്കം രൂക്ഷമായതോടെ മാദ്ധ്യമപ്രവർത്തക വാർത്താസമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോവുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തു.

ആഗോള പ്രസ് ഫ്രീഡം ഇൻഡക്സിൽ നോർവേ ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ ഇന്ത്യ 157-ാം സ്ഥാനത്താണ്. ഈ റാങ്കിംഗുകളെ മുൻനിർത്തിയാണ് ഹെല്ലെ ലിംഗ് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ കടുത്ത ചോദ്യങ്ങളുമായി രംഗത്തെത്തിയത്. എന്നാൽ ഇന്ത്യയുടെ പരമാധികാരത്തെയും ജനാധിപത്യ സംവിധാനങ്ങളെയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്ന ഉറച്ച നിലപാടിലാണ് വിദേശകാര്യ മന്ത്രാലയം.

സംഭവം ആഗോള തലത്തിൽ ചർച്ചയായതോടെ ഹെല്ലെ ലിംഗിന് സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടിവന്നു. ചിലർ ബീജിംഗിനെയും ഷി ജിൻ പിംഗിനെയും പ്രശംസിച്ചുകൊണ്ട് അവർ എഴുതിയ മുൻ ലേഖനങ്ങൾ ചൂണ്ടിക്കാട്ടി ചാരപ്രവർത്തകയെന്നും ചൈനയുടെ പ്രതിനിധിയെന്നും കുറ്റപ്പെടുത്തി. വിമർശനം രൂക്ഷമായതോടെ താൻ ഒരു വിദേശ രാജ്യത്തിന്റെയും ചാരയല്ലെന്നും പത്രപ്രവർത്തനമാണ് തന്റെ ജോലിയെന്നും പ്രതികരിച്ച് ഹെല്ലെ ലിംഗ് തന്നെ രംഗത്തെത്തി.

തയാറാക്കി വച്ച മറുപടികൾക്ക് അപ്പുറം കൃത്യമായ മറുപടി വാങ്ങുക എന്നത് ഒരു മാദ്ധ്യമപ്രവർത്തക എന്ന നിലയിൽ തന്റെ ഉത്തരവാദിത്തമാണെന്നും അവർ വ്യക്തമാക്കി. രാഷ്ട്രീയവും അന്താരാഷ്ട്ര കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവർ മുൻപ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും എലോൺ മസ്കിന്റെ ടെസ്‌ല കമ്പനിക്കെതിരെയും രംഗത്തുവന്നിരുന്നു. ഫേസ് ബുക്ക്,​ ടിക്ടോക്,​ ഇൻസ്റ്റാഗ്രാം തുടങ്ങിയ സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ ഹെല്ലെയ്ക്ക് ഈ സംഭവത്തിന് പിന്നാലെ സമൂഹ മാദ്ധ്യമങ്ങളിൽ ഫോളോവേഴ്സിന്റെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, NORWEGIAN, HELLE LYNG, NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360