കേന്ദ്രസർക്കാരിന് വമ്പൻ ലോട്ടറി, കൈയിലെത്തുന്നത് 2.87 ലക്ഷം കോടി രൂപ
ന്യൂഡൽഹി : ഇറാൻ- യു.എസ് യുദ്ധത്തെ തുടർന്നുള്ള ഇന്ധന പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക ചെലവ് ഉയർത്തിയിരിക്കെ മോദി സർക്കാരിന് റിസർവ് ബാങ്കിന്റെ വക വമ്പൻ ലോട്ടറി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് 2.87 ലക്ഷം കോടി രൂപ കൈമാറും. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തിന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യത്തിന് അനുമതി നൽകി. മുൻവർശത്തെക്കാൾ 6.99 ശതമാനം വർദ്ധനയാണ് ആർ.ബി.ഐയുടെ ലാഭവിഹിതത്തിൽ ഉണ്ടായത്.
ഇത്തവണ 2,86,588.46 കോടി രൂപയാണ് സർക്കാർ ഖജനാവിലെത്തുക. വിദേശ നാണയ വിപണിയിലെ ചാഞ്ചാട്ടവും ആഗോള തലത്തിലെ ഉയർന്ന പലിശ നിരക്കുമാണ് മികച്ച ലാഭം നേടാൻ റിസർവ് ബാങ്കിനെ സഹായിച്ചത്. ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ നേരിടാനായി രൂപീകരിച്ച കരുതൽ ധന ശേഖരമായ കണ്ടിജന്റ് റിസ്ക് ബഫറിൽ(സി.ആർ.ബി) നിന്ന് 1.09 ലക്ഷം കോടി രൂപയും കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് കൈമാറും. മുൻവർഷം സി.ആർ.ബിയിൽ നിന്ന് 44,861.70 കോടി രൂപയാണ് നൽകിയത്. സി.ആർ.ബി നിരക്ക് റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിന്റെ 6.5 ശതമാനമായി നിലനിറുത്തി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ മൊത്തം വരുമാനം 26.42 ശതമാനം ഉയർന്നു. ഫണ്ടുകളിലെ നിർബന്ധിത നിക്ഷേപവും റിസ്ക് പ്രൊവിഷനിംഗും കഴിഞ്ഞുള്ള അറ്റ വരുമാനം 3,95,972.10 കോടി രൂപയാണ്. മുൻവർഷമിത് 3,13,455.77 കോടി രൂപയായിരുന്നു. മൊത്തം ചെലവിൽ 27.6 ശതമാനം വർദ്ധനയുണ്ട്. റിസർവ് ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വർഷം 20.61 ശതമാനം ഉയർന്ന് 91.97 ലക്ഷം കോടി രൂപയായി.