
ന്യൂഡൽഹി: പഞ്ചാബിലെ പത്താൻകോട്ടിൽ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ യുവാവ് അറസ്റ്റില്‍. സൈനിക-അർദ്ധസൈനിക നീക്കങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാകിസ്ഥാന് നൽകിയ ചക്ക് ധരിവാൾ സ്വദേശി ബിട്ടു എന്ന ബൽജിത് സിംഗിനെയാണ് പൊലീസ് പിടികൂടിയത്.
ഇയാള്‍ സൈന്യത്തിന്‍റെ നീക്കങ്ങള്‍ നിരീക്ഷിക്കാനായി ദേശീയപാത-44ലെ പത്താൻകോട്ട്- ജമ്മു സ്ട്രെച്ചിലെ പാലത്തിന് സമീപമുള്ള കടയിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതായി പൊലീസ് കണ്ടെത്തി. ഇതിന്‍റെ ഫീഡ് പാകിസ്ഥാനിലും വിദേശത്തുമുള്ളവർക്ക് കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ സുജൻപൂരിനടുത്തുള്ള ഹൈവേയിലെ ഒരു കടയിൽ ഇന്റർനെറ്റുള്ള സിസിടിവി ക്യാമറ സ്ഥാപിച്ചതായി ബൽജിത് സിംഗ് സമ്മതിച്ചു. ദുബായിലെ ഒരു അജ്ഞാത വ്യക്തിയിൽ നിന്നാണ് തനിക്ക് നിർദ്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നതെന്നും ക്യാമറ സ്ഥാപിക്കുന്നതിനായി 40,000 രൂപ ലഭിച്ചതായും ഇയാള്‍ പൊലീസിന് മൊഴി നൽകി.
പ്രതിയുടെ കൈവശം നിന്ന് ഒരു സിസിടിവി ക്യാമറയും ഇന്റർനെറ്റ് വൈഫൈ റൂട്ടറും പൊലീസ് കണ്ടെടുത്തു. പത്താൻകോട്ട്-ജമ്മു ദേശീയപാതയിൽ നടക്കുന്ന സംശയാസ്പദമായ പ്രവർത്തനങ്ങളെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പൊലീസ് നടപടി. സംഭവത്തില്‍ ബൽജിത് സിംഗിനെ കൂടാതെ വിക്ക എന്ന വിക്രംജിത് സിംഗ്, വിക്കി എന്ന ബൽവീന്ദർ സിംഗ്, തനു എന്ന തരൺപ്രീത് സിംഗ് എന്നിങ്ങനെ മൂന്നുപേരെയും അറസ്റ്റ് ചെയ്തതായാണ് വിവരം.
അറസ്റ്റിലായവർ ക്രിമിനൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് വ്യക്തമാക്കി. സംഘത്തിന്‍റെ അതിർത്തി കടന്നുള്ള ബന്ധങ്ങൾ കണ്ടെത്താനും ഫണ്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനുമായി പൊലീസ് അന്വേഷണം ഊജിതമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |