ടൂറിസം വികസനത്തിന് സമഗ്ര നയം വേണമെന്ന് കേരള ട്രാവൽ മാർട്ട്
കൊച്ചി: ഭൂമിതരംമാറ്റ നടപടികളുടെ ലഘൂകരണം, നിലവാരമുള്ള പൊതുടോയ്‌ലറ്റുുകൾ, അടിസ്ഥാന സൗകര്യവികസന ഫണ്ട് എന്നിവയിൽ വി.ഡി സതീശൻ സർക്കാർ അടിയന്തരശ്രദ്ധ നൽകണമെന്ന് കേരള ട്രാവൽ മാർട്ട് (കെ.ടി.എം) സൊസൈറ്റി ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിലും റെവന്യൂ വരുമാനത്തിലും വലിയ പങ്കുവഹിക്കുന്ന ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്ന് കെ.ടി.എം പ്രസിഡന്റ് ജോസ് പ്രദീപ് ആവശ്യപ്പെട്ടു. ടാക്സി, ഓട്ടോറിക്ഷ തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും ഗുണകരമായതും നികുതി വരുമാനം നൽകുന്നതുമാണ് ടൂറിസം മേഖല.
അടിസ്ഥാനസൗകര്യ വികസനത്തിൽ റോഡുകൾ മെച്ചപ്പെടുന്നുണ്ടെങ്കിലും, വിനോദ സഞ്ചാര കേന്ദ്രങ്ങളിലും യാത്രാമദ്ധ്യേയുള്ള ടോയ്‌ലറ്റുകളുടെ കുറവ് പ്രശ്നമാണ്. ടൂറിസ്റ്റുകൾ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. വിദേശ മാതൃകയിൽ പൊതു സ്വകാര്യ പങ്കാളിത്തത്തിൽ പെട്രോൾ പമ്പുകളോട് ചേർന്ന് സൂപ്പർ മാർക്കറ്റുകളും മികച്ച ശൗചാലയങ്ങളും നിർമ്മിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ടൂറിസം ഫണ്ട് ഉപയോഗിച്ച് മറ്റ് വകുപ്പുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണമെന്ന് കെ.ടി.എം സെക്രട്ടറി എസ്. സ്വാമിനാഥൻ പറഞ്ഞു. ടൂറിസം മാർക്കറ്റിംഗ്, ട്രേഡ് ഫെയറുകൾ, റോഡ് ഷോകൾ, പാർട്ണർഷിപ്പ് മീറ്റുകൾ എന്നിവയിലൂടെ വരുമാനം വർദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.