ഖജനാവ് നിറച്ച് റിസർവ് ബാങ്ക്
ഇത്തവണ ലാഭവിഹിതം ₹2.87 ലക്ഷം കോടി
കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ലാഭവിഹിതമായി കേന്ദ്ര സർക്കാരിന് 2.87 ലക്ഷം കോടി രൂപകൈമാറുന്നതിന് റിസർവ് ബാങ്ക് ഡയറക്‌ടർ ബോർഡ് അനുമതി. മുൻവർഷത്തെക്കാൾ 6.99 ശതമാനം വർദ്ധനയാണുണ്ടായത്. റിസർവ് ബാങ്കിന്റെ വരുമാനത്തിലും ബാലൻസ് ഷീറ്റിലുമുണ്ടായ വളർച്ചയാണ് റെക്കാഡ് ലാഭവിഹിതം നൽകുന്നതിന് സഹായമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 2.68 ലക്ഷം കോടി രൂപ ലാഭവിഹിതമായി നൽകിയിരുന്നു.
മുംബയിൽ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന റിസർവ് ബാങ്കിന്റെ 623ാമത് ബോർഡ് യോഗത്തിലാണ് തീരുമാനം. ഇത്തവണ 2,86,588.46 കോടി രൂപയാണ് സർക്കാർ ഖജനാവിലെത്തുക. വിദേശ നാണയ വിപണിയിലെ ചാഞ്ചാട്ടവും ആഗോള തലത്തിലെ ഉയർന്ന പലിശ നിരക്കുമാണ് മികച്ച ലാഭം നേടാൻ റിസർവ് ബാങ്കിനെ സഹായിച്ചത്.
ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ നേരിടാനായി രൂപീകരിച്ച കരുതൽ ധന ശേഖരമായ കണ്ടിജന്റ് റിസ്‌ക് ബഫറിൽ(സി.ആർ.ബി) നിന്ന് 1.09 ലക്ഷം കോടി രൂപയും കേന്ദ്ര സർക്കാരിന് റിസർവ് ബാങ്ക് കൈമാറും. മുൻവർഷം സി.ആർ.ബിയിൽ നിന്ന് 44,861.70 കോടി രൂപയാണ് നൽകിയത്. സി.ആർ.ബി നിരക്ക് റിസർവ് ബാങ്കിന്റെ ബാലൻസ് ഷീറ്റിന്റെ 6.5 ശതമാനമായി നിലനിറുത്തി.
വരുമാനത്തിൽ കുതിപ്പ്
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റിസർവ് ബാങ്കിന്റെ മൊത്തം വരുമാനം 26.42 ശതമാനം ഉയർന്നു. ഫണ്ടുകളിലെ നിർബന്ധിത നിക്ഷേപവും റിസ്‌ക് പ്രൊവിഷനിംഗും കഴിഞ്ഞുള്ള അറ്റ വരുമാനം 3,95,972.10 കോടി രൂപയാണ്. മുൻവർഷമിത് 3,13,455.77 കോടി രൂപയായിരുന്നു. മൊത്തം ചെലവിൽ 27.6 ശതമാനം വർദ്ധനയുണ്ട്. റിസർവ് ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വർഷം 20.61 ശതമാനം ഉയർന്ന് 91.97 ലക്ഷം കോടി രൂപയായി.
റിസർവ് ബാങ്ക് ലാഭവിഹിതം
വർഷം തുക
2021-22 30,307 കോടി രൂപ
2022-23 87,460 കോടി രൂപ
2023-24 2.11 ലക്ഷം കോടി രൂപ
2024-25 2.68 ലക്ഷം കോടി രൂപ
2025-26 2.87 ലക്ഷം കോടി രൂപ