ആർത്തവ കപ്പ് ഉത്പ്പാദനം വർദ്ധിപ്പിച്ച് എച്ച്.എൽ.എൽ

Wednesday 27 May 2026 12:46 AM IST

തിരുവനന്തപുരം : കേന്ദ്ര പൊതുമേഖല സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്കെയർ ആർത്തവ കപ്പുകളുടെ വാർഷിക ഉത്പ്പാദന ശേഷി 50 ലക്ഷമായി ഉയർത്തി. ആക്കുളം ഫാക്ടറിയിലെ ആർത്തവ കപ്പ് നിർമാണ യൂണിറ്റിനെ അത്യാധുനിക രീതിയിൽ നവീകരിച്ച് ഉത്പ്പാദനശേഷി 30 ലക്ഷമാക്കി. നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ നിർവഹിച്ചു. എച്ച്.എൽ.എല്ലിന്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ ‘തിങ്കൾ’ വഴി ആർത്തവ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യും. സ്ത്രീകളുടെ ആർത്തവാരോഗ്യവും സാമ്പത്തിക ലാഭവും ഉറപ്പാക്കാനും സാനിറ്ററി നാപ്കിനുകളുടെ പരിസ്ഥിതി മലിനീകരണം ഒഴിവാക്കാനും കപ്പുകൾ സഹായിക്കുമെന്ന് എച്ച്.എം.എ പബ്ലിക് ഹെൽത്ത് പ്രോജക്ട്സ് മാനേജർ ഡോ. എസ്. എച്ച്. കൃഷ്ണ പറഞ്ഞു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇതിനകം 15 ലക്ഷം 'തിങ്കൾ' കപ്പുകൾ എച്ച്എൽഎൽ വിതരണം ചെയ്തു.

പരിസ്ഥിതി മലിനീകരണത്തിന് പരിഹാരം

പ്രതിവർഷം ഇന്ത്യയിൽ 1230 കോടി സാനിറ്ററി പാഡ് അവശിഷ്ടങ്ങളാണ് ഉണ്ടാകുന്നത്. വലിയ പരിസ്ഥിതി പ്രശ്നം സൃഷ്‌ടിക്കുന്ന പാഡുകൾക്ക് മികച്ച ബദലാണ് ആർത്തവ കപ്പുകൾ. എഫ്.ഡി.എ അംഗീകാരമുള്ള മെഡിക്കൽ ഗ്രേഡ് സിലിക്കൺ ഉപയോഗിച്ച് നിർമ്മിക്കുന്ന തിങ്കൾ കപ്പുകൾ സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പമുള്ളതുമാണ്. വർഷങ്ങളോളം കേടുപാടില്ലാതെ വീണ്ടും ഉപയോഗിക്കാനാകും.