ചരിത്ര നേട്ടവുമായി വിഴിഞ്ഞം തുറമുഖം

Saturday 30 May 2026 12:30 AM IST

വിഴിഞ്ഞം: ചുരുങ്ങിയ കാലത്തിൽ ചരക്കു കൈമാറ്റ നിരക്കിൽ ഇന്ത്യയിൽ ഏറ്റവും മികച്ച വളർച്ച നേട്ടം കൈവരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. പ്രവർത്തനം തുടങ്ങി 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടി.ഇ.യു റെക്കാഡ് ചരക്കാണ് വിഴിഞ്ഞം കൈകാര്യം ചെയ്തത്. ഇതുവരെ 67 അൾട്രാ ലാർജ് കണ്ടെയ്‌നർ വെസലുകൾ ഉൾപ്പെടെ 950 ലധികം കപ്പലുകൾ തുറമുഖത്തെത്തി. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകളിലൊന്നായ എം.എസ്.സി ഐറീന,എം.എസ്.സി വെറോണ എന്നിവയും നങ്കൂരമിട്ടു. ലോകോത്തര നിലവാരമുള്ള ആഴക്കടൽ ട്രാൻസ്‌ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം ഉയർന്ന് വരുന്നതും തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തന കാര്യക്ഷമത, തന്ത്രപ്രധാനമായ സ്ഥാനം എന്നിവയിൽ ആഗോള ഷിപ്പിംഗ് കമ്പനികൾ വിശ്വാസം പ്രകടിപ്പിക്കുന്നതുമാണ് ഈ നേട്ടത്തിന്റെ അടിസ്ഥാനം.

ദക്ഷിണേഷ്യ, യൂറോപ്പ്, ആഫ്രിക്ക, ദക്ഷിണ അമേരിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന സ്ഥിരമായ ഷിപ്പിംഗ് സർവീസുകളും വിഴിഞ്ഞത്തുണ്ട്. ചരക്ക് കൈകാര്യം ചെയ്യുന്നതിലെ അതിവേഗ വളർച്ച ട്രാൻസ്‌ഷിപ്പ്‌മെന്റ് സേവനങ്ങൾക്കായി കയറ്റുമതിക്കാർ വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നതിൽ കുറവുണ്ടാക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. 16,000 കോടി രൂപയുടെ നിക്ഷേപത്തോടെ തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ 2028ൽ പൂർത്തിയാകും.