
രാജ്യത്ത് എസി പൊട്ടിത്തെറിച്ചുള്ള അപകടങ്ങളും മരണങ്ങളും വർദ്ധിച്ചുവരികയാണ്. ഡൽഹിയിൽ കഴിഞ്ഞ രാത്രി എസി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും കോംപറ്റീഷൻ കമ്മീഷൻ ഒഫ് ഇന്ത്യയുടെ ചെയർമാനുമായ ധനേന്ദ്രകുമാർ കൊല്ലപ്പെട്ടെന്ന വാർത്തയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്. രാജ്യത്തുണ്ടാകുന്ന മിക്ക തീപിടിത്തങ്ങൾക്കുപിന്നിലും എസിയുമായി ബന്ധപ്പെട്ടുള്ള തകരാറുകൾ കാരണമാകുന്നുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. വേനൽക്കാലത്ത് ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യമായതിനാൽ ഓഫീസ് കെട്ടിടങ്ങൾക്കുപുറമെ സാധാരണക്കാരുടെ വീടുകളിൽ പോലും ഇന്ന് എസി സ്ഥാപിക്കാറുണ്ട്. അതിനാൽതന്നെ എസിയുമായി ബന്ധപ്പെട്ട സുരക്ഷാപ്രശ്‌നങ്ങൾ ജനങ്ങളുടെ പ്രധാന ആശങ്കയായി മാറിക്കൊണ്ടിരിക്കുകയാണ്.
എസികളിൽ എങ്ങനെയാണ് തീപിടിക്കുന്നത്?
അന്തരീക്ഷ താപനിലയിലെ വർദ്ധനവ്, തുടർച്ചയായ ഉപയോഗം, പഴകിയ വയറിംഗ്, വോൾട്ടേജിലുണ്ടാകുന്ന മാറ്റങ്ങൾ, മോശം ഇൻസ്റ്റലേഷൻ തുടങ്ങിയവയാണ് അപകടങ്ങളുടെ പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. വേനൽക്കാലങ്ങളിലെ തുടർച്ചയായ ഉപയോഗം വൈദ്യുത ഉപകരണങ്ങളെ എളുപ്പത്തിൽ ചൂടാക്കാറുണ്ട്. ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്ന സമയങ്ങളിൽ അമിത അളവിൽ ഉപകരണങ്ങളിലൂടെ വൈദ്യുതി കടന്നുപോകുന്നു. ഈ സമയങ്ങളിൽ വയറുകൾ കരിഞ്ഞുപോകുന്നതിനും തീപടരുന്നതിനും ഇടവരുത്തുന്നു. മിനിയേച്ചർ സർക്യൂട്ട് ബ്രേക്കറുകൾ (എംസിബി) ഇൻസ്റ്റാൾ ചെയ്‌തിട്ടുള്ള എസികൾക്ക് ഇത് ഒരു പരിധിവരെ തടയാൻ സാധിക്കും. സർക്യൂട്ടിലൂടെയുണ്ടാകുന്ന വൈദ്യുതിയുടെ അമിതപ്രവാഹം തിരിച്ചറിഞ്ഞ് സർക്യൂട്ട് ട്രിപ് ചെയ്യാൻ എംസിബിയ്‌ക്ക് സാധിക്കും.
ഇൻവെർട്ടർ എസി നോൺ-ഇൻവെർട്ടർ എസിയെക്കാൾ സുരക്ഷിതമാണോ?
താപനില ഉയരുന്നതിനനുസരിച്ച് നോൺ- ഇൻവെർട്ടർ എസികൾ നിരന്തരം ഓണാവുകയും ഓഫാകുകയും ചെയ്യുന്നതിനാൽ വൈദ്യുതി ലോഡ് വർദ്ധിക്കുന്നു. ഇത് കംപ്രസർ, കപ്പാസിറ്റർ തുടങ്ങിയ ഘടകങ്ങളെ അമിതമായി ചൂടാക്കും. പഴയതോ മോശമായി പരിപാലിക്കപ്പെടുന്നതോ ആയ എസിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് ഷോട്ട് സർക്യൂട്ടിനും തീപിടിത്തത്തിനും കാരണമാകും.
മറുവശത്ത്, ഇൻവെർട്ടർ എസികൾ നിരന്തരം ഓണും ഓഫും ആകുന്നതിനുപകരം കംപ്രസ്സർ വേഗത ക്രമേണ നിയന്ത്രിക്കുന്നു. ഈ വ്യതിയാനം സിസ്റ്റത്തിലെ സമ്മർദ്ദം കുറയ്ക്കുന്നുണ്ടെങ്കിലും ഇവയും പൂർണമായും അപകടമുക്തമല്ല. ഇലക്ട്രോണിക് സർക്യൂട്ട് ബോർഡുൾ അമിതമായി ചൂടാകുന്നത്, വയറിംഗിലെ തകരാർ, മോശം ഇൻസ്റ്റാളേഷൻ, വോൾട്ടേജിലെ ഏറ്റക്കുറച്ചിലുകൾ, അറ്റകുറ്റപ്പണികളുടെ അഭാവം എന്നിവ കാരണം തീപിടിത്തങ്ങൾ സംഭവിക്കാം.
അപകടസാദ്ധ്യത എങ്ങനെ തിരിച്ചറിയാം?
എസിയിൽ നിന്ന് അസാധാരണ ശബ്‌ദം കേൾക്കൽ, കത്തുന്ന ഗന്ധം വരിക, ഇടയ്‌ക്കിടെ എംസിബി ട്രിപ് ആവുക, കൂളിംഗ് കുറയുക, പുക ഉയരുക തുടങ്ങിയവ അപകടസൂചനകളാണെന്ന് സാങ്കേതികവിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ എസി ഓഫ് ചെയ്‌ത് സർവീസ് കേന്ദ്രവുമായി ബന്ധപ്പെടണം.
പരിഹാരമാർഗങ്ങൾ
എസിക്കായി പ്രത്യേക വയറിംഗ് ഉപയോഗിക്കുക, ശരിയായ എർത്തിംഗ് ഉറപ്പാക്കുക, ഗുണമേന്മയുള്ള എംസിബി സ്ഥാപിക്കുക, പഴകിയ വയറുകൾ മാറ്റുക, എല്ലാ വർഷവും കുറഞ്ഞത് ഒരു തവണയെങ്കിലും എസി സർവീസ് നടത്തുക എന്നിവ അപകടങ്ങൾ തടയുന്നതിന് അത്യാവശ്യമാണ്. എസി പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങളിൽ പലപ്പോഴും മരണം സംഭവിക്കുന്നത് പൊള്ളലേറ്റല്ല, വിഷപ്പുക ശ്വസിച്ചാണെന്നുള്ളതാണ് മറ്റൊരു ആശങ്ക. അതിനാൽ വീടുകളിൽ സ്‌മോക്ക് അലാറവും ഫയർ എക്‌സ്റ്റിംഗ്വിഷറും സ്ഥാപിക്കണമെന്ന നിർദേശവും ശക്തമാവുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |