പോത്തിറച്ചി ഒറിജിനല്‍ തന്നെയാണോ? കണ്ടെത്താന്‍ പുതിയ സംവിധാനം ഇങ്ങനെ
ബീഫ് എന്ന് കേള്‍ക്കുമ്പോള്‍ കൊതി തോന്നാത്ത ഭക്ഷണപ്രേമികള്‍ വിരളമായിരിക്കും. ഒരു വശത്ത് വിവാദ പരിവേഷമുണ്ടെങ്കിലും ഇന്ത്യയിലും അതുപോലെ തന്നെ ഇന്ത്യന്‍ ബീഫിനും വലിയ ഡിമാന്‍ഡാണുള്ളത്. കോടിക്കണക്കിന് രൂപയുടെ ബീഫ് ആണ് ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നത്. കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ബീഫ് കയറ്റുമതിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ചില്ലറയല്ല. പല രാജ്യങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള ബീഫിന് ഓരോ വര്‍ഷം കഴിയുന്തോറും ആവശ്യക്കാര്‍ കൂടുതലാണ്.
കയറ്റുമതി വര്‍ദ്ധിക്കുന്നതിനാല്‍ തന്നെ വ്യാജനെ കണ്ടെത്തുകയെന്നതും പ്രധാനമാണ്. ഡിമാന്‍ഡ് കൂടുമ്പോള്‍ ഗുണമേന്‍മയില്‍ വിട്ടുവീഴ്ചയുണ്ടാകാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. വ്യാജനെ കണ്ടെത്താന്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബീഫിന്റെ ഗുണമേന്മ മെച്ചപ്പെടുത്താനും മായം ചേര്‍ക്കല്‍ തടയുന്നതിനുമായി ആധുനിക ഡിഎന്‍എ അധിഷ്ഠിത പിസിആര്‍ പരിശോധന നടത്താനാണ് നീക്കം.
രാജ്യാന്തര തലത്തില്‍ മൃഗങ്ങളുടെ ഇനവും ഗുണമേന്മയും ഉറപ്പിക്കാന്‍ ഡിഎന്‍എ-പിസിആര്‍ പരിശോധന നടത്താറുണ്ട്. ഇത് ഇന്ത്യയിലേക്കും കൊണ്ടുവരാനാണ് കേന്ദ്രത്തിന്റെ നീക്കം. ബീഫ് കയറ്റുമതിയുടെ മറവില്‍ പശുവിറച്ചി കലര്‍ത്തുന്നുണ്ടോയെന്ന് തിരിച്ചറിയാനും പുതിയ സംവിധാനം സഹായിക്കും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ നേതൃത്വത്തിലാകും പരിശോധന.
ലോകത്തെ രണ്ടാമത്തെ വലിയ ബീഫ് കയറ്റുമതി രാജ്യമാണ് ഇന്ത്യ. കയറ്റുമതിയിലൂടെ ഏകദേശം 34,177 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ നേടിയത്. വിയറ്റ്‌നാം, മലേഷ്യ, യുഎഇ, സൗദി അറേബ്യ, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതലായി കയറ്റുമതി ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നാണ് മൊത്തം കയറ്റുമതിയുടെ 60 ശതമാനവും.