വീണ്ടും ഇന്ധന ഷോക്ക് : പെട്രോൾ, ഡീസൽ വില 90 പൈസ കൂട്ടി
കൊച്ചി: പൊതുമേഖല എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ എന്നിവയുടെ വില ലിറ്ററിന് 90 പൈസകൂടി കൂട്ടി. ആഗോള ക്രൂഡോയിൽ വിപണിയിലെ സമ്മർദ്ദത്തിന്റെ പേരിൽ കഴിഞ്ഞ വെള്ളിയാഴ്ച ലിറ്ററിന് മൂന്നു രൂപ വീതം കൂട്ടിയിരുന്നു. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 111.70 രൂപയും കൊച്ചിയിൽ 109.80 രൂപയുമായി. വില വർദ്ധന ഇന്നലെ പ്രാബല്യത്തിലായി.
ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്കിലെ തടസങ്ങളും രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 110 ഡോളറായി ഉയർത്തിയതാണ് കമ്പനികളെ സമ്മർദ്ദത്തിലാക്കുന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കാഡുകൾ പുതുക്കി ഇടിയുന്നതും ഇറക്കുമതിച്ചെലവ് ഉയർത്തുന്നു.
ആദ്യ ഘട്ടത്തിലെ വില വർദ്ധന അപര്യാപ്തമാണെന്ന് എണ്ണക്കമ്പനികൾ വ്യക്തമാക്കിയിരുന്നു. അഞ്ചു ദിവസത്തിനിടെ പെട്രോളിനും ഡീസലിനും നാലു രൂപയിലധികം കൂടിയതോടെ വിലക്കയറ്റവും ഗതാഗതച്ചെലവും ഉയരുമെന്നതിനാൽ ജനജീവിതം ദുഃസഹമാകും. സി.എൻ.ജിയുടെ വില ഞായറാഴ്ച കിലോയ്ക്ക് ഒരു രൂപ വർദ്ധിപ്പിച്ചു. കഴിഞ്ഞ വാരവും രണ്ടു രൂപ കൂട്ടിയിരുന്നു.
വില ഇനിയും കൂടിയേക്കും
രണ്ടാം തവണ വില വർദ്ധിപ്പിച്ചതിനു ശേഷവും നഷ്‌ടം ഒഴിവായിട്ടില്ലെന്നാണ് പൊതുമേഖല എണ്ണക്കമ്പനികൾ പറയുന്നത്. പ്രതിദിന വില്പന നഷ്‌ടം 750 കോടി രൂപയാണ്. അതിനാൽ വരും ദിവസങ്ങളിൽ വീണ്ടും പെട്രോൾ, ഡീസൽ വില ഉയർത്തിയേക്കും. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വില ജൂൺ ഒന്നിന് വീണ്ടും വർദ്ധിപ്പിക്കാനും ഇടയുണ്ട്.
പുതുക്കിയ വില
ജില്ല പെട്രോൾ : ഡീസൽ
തിരുവന്തപുരം 111.70 രൂപ : 100.59 രൂപ
കൊച്ചി 109.80 രൂപ : 98.77 രൂപ
കോഴിക്കോട് 110.03 രൂപ : 98.93 രൂപ