പണമിടപാടുകൾ നടത്തുന്നവർ ശ്രദ്ധിക്കണം, മൂന്ന് ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കും
തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ 25,26 തീയതികളിൽ ദേശീയ പണിമുടക്കിന് എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ആഹ്വാനം ചെയ്തു. സ്ഥിരം സ്വഭാവമുള്ള ജോലികൾക്ക് പുറംകരാർ നൽകുന്നത് അവസാനിപ്പിക്കുക,ഹൗസ് കീപ്പിംഗ്,മെസഞ്ചർ,സെക്യൂരിറ്റി ഗാർഡ് തസ്തികകളിലും ക്ലറിക്കൽ വിഭാഗത്തിലും സ്ഥിരംനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
നിലവിലുള്ള 2.30 ലക്ഷം ജീവനക്കാരിൽ 1.25 ലക്ഷം പേരും കരാർ തൊഴിലാളികളാണെന്നും ഭാരവാഹികൾ പറഞ്ഞു. എസ്.ബി.ഐ എംപ്ലോയിസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സി.ജയരാജ്,ബെഫി വൈസ് പ്രസിഡന്റ് സജി വർഗീസ്,ജോയിന്റ് സെക്രട്ടറി പി.എച്ച്.വിനീത,സംസ്ഥാന സെക്രട്ടറി ജെറിൻ.കെ.ജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.