'കാത്തിരിക്കുക തുടങ്ങിയിട്ടേ ഉള്ളൂ'; ഇനിയാണ് ശരിക്കുള്ള കളികളുടെ തുടക്കം, അറിയിപ്പുമായി കോക്രോച്ച് ജനതാ പാർട്ടി
ന്യൂഡൽഹി: അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി (സിജെപി)'. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യൻ യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് ഉയർന്നുവന്ന ആക്ഷേപഹാസ്യ രാഷ്ട്രീയമുന്നണിയാണ് കോക്രോച്ച് ജനതാ പാർട്ടി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ഇക്കൂട്ടർ ഇപ്പോൾ പൊതുസമൂഹത്തിലേക്ക് ഇറങ്ങി പ്രവർത്തിക്കാൻ പോകുന്നുവെന്നാണ് റിപ്പോർട്ട്. വളരെ ചുരുക്കം സമയം കൊണ്ടുതന്നെ ഈ പ്രസ്ഥാനം സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു. 22 മില്യൺ പേരാണ് നിലവിൽ ഇൻസ്റ്റഗ്രാമിൽ ഈ പ്രസ്ഥാനത്തെ ഫോളോചെയ്യുന്നത്.
കഴിഞ്ഞദിവസം കേന്ദ്ര സർക്കാർ ഇവരുടെ എക്സ് പേജ് നീക്കം ചെയ്തതും വലിയ വിവാദമായിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ച, തൊഴിലില്ലായ്മ, അധികാരികളുടെ ഉത്തരവാദിത്തമില്ലായ്മ എന്നിവക്കെതിരെ ശബദ്മുയർത്താൻ കോക്രോച്ച് ജനതാ പാർട്ടി തീരുമാനിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പോസ്റ്റ് കഴിഞ്ഞദിവസം അവർ പങ്കുവച്ചിരുന്നു.
'നമ്മുടെ രാഷ്ട്ര സ്ഥാപകരായ ഗാന്ധിജി, അംബേദ്കർ, നെഹ്റു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് എന്നിവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, മതേതരത്വം, ജനാധിപത്യം, സാമൂഹിക നീതി എന്നിവയിൽ വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രധാന വിശ്വാസം ലളിതമാണ്. വിദ്യാഭ്യാസം, തൊഴിൽ, പരിസ്ഥിതി പ്രശ്നങ്ങൾ, സുതാര്യത എന്നിവയിൽ യുവതലമുറയ്ക്ക് മികച്ച സ്ഥാനം ലഭിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ ഈ വിഷയങ്ങൾ ക്രിയാത്മകമായി ഉന്നയിക്കും. യുവാക്കളുടെ ശബ്ദം ശ്രദ്ധിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ഞങ്ങളുടെ 22 മില്യൺ അനുയായികളിൽ നിന്ന് നിർദേശങ്ങൾ ശേഖരിച്ച് മികച്ച ആശയങ്ങൾ തിരഞ്ഞെടുത്ത് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാതെ പ്രവർത്തിക്കും. സിജെപിയെ പിന്തുണയ്ക്കുന്ന എല്ലാവർക്കും അഭിപ്രായങ്ങൾ പറയാം. കാത്തിരിക്കുക ഞങ്ങൾ തുടങ്ങിയിട്ടേ ഉള്ളൂ'- എന്നാണ് പുതിയ കുറിപ്പിൽ സിജെപി വ്യക്തമാക്കുന്നത്.
Cockroaches have just gotten started… pic.twitter.com/cuivildQrh
— Cockroach is Back (@Cockroachisback) May 24, 2026
എന്താണ് കോക്രോച്ച് ജനതാ പാർട്ടി
മേയ് 15ന് സുപ്രീം കോടതിയിൽ നടന്ന ഒരു കേസ് വിചാരണയ്ക്കിടയിലാണ് ഈ വിവാദ സംഭവമുണ്ടാകുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ച്, ഹർജിക്കാരന്റെ സോഷ്യൽ മീഡിയ ഇടപെടലുകളെ വിമർശിച്ചത്. "തൊഴിലില്ലാത്ത, സ്വന്തം മേഖലകളിൽ ഒരിടവുമില്ലാത്ത ചില യുവാക്കൾ പാറ്റകളെപ്പോലെയാണ്. അവർ മാദ്ധ്യമപ്രവർത്തകരും സോഷ്യൽ മീഡിയക്കാരുമായി മാറി വ്യവസ്ഥിതിയെ മുഴുവൻ ആക്രമിക്കുകയാണ്" എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമർശം.
ഇതോടെ, ചീഫ് ജസ്റ്റിസ് രാജ്യത്തെ യുവാക്കളെയും മാദ്ധ്യമപ്രവർത്തകരെയും അധിക്ഷേപിച്ചു എന്ന് ആരോപിച്ച് വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നു. മാദ്ധ്യമ സംഘടനകൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്തുവന്നു. തുടർന്നാണ് 'കോക്രോച്ച് ജനതാ പാർട്ടി' രൂപീകരിച്ചത്. വെറുമൊരു ഇന്റർനെറ്റ് തമാശയായി തുടങ്ങിയ ഈ കൂട്ടായ്മ പിന്നീട് തൊഴിലില്ലായ്മയും പരീക്ഷാ വിവാദങ്ങളും കാരണം സിസ്റ്റത്തോട് പ്രതിഷേധമുള്ള യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വലിയൊരു താവളമായി മാറി. തങ്ങളെ പാറ്റകൾ എന്ന് വിളിച്ചവർക്ക് മറുപടിയായി, 'രാജ്യത്തെ സിസ്റ്റം അത്രമാത്രം ചീഞ്ഞുനാറിയത് കൊണ്ടാണ് പാറ്റകൾക്ക് പുറത്തുവരേണ്ടി വന്നത്' എന്നാണ് ഈ കൂട്ടായ്മ രൂപീകരിച്ചവർ പറയുന്നത്.
ആരാണ് രൂപീകരിച്ചത്
യുഎസിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയായ 30കാരൻ അഭിജീത് ദിപ്കെയാണ് ഈ ഡിജിറ്റൽ പാർട്ടിയുടെ സ്ഥാപകൻ. 2020 മുതൽ 2023വരെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സജീവമായി പ്രവർത്തിച്ചിട്ടുള്ള ആളാണ് അഭിജീത്.
അതേസമയം, അഭിജീതിന്റെ വീടിന് മഹാരാഷ്ട്ര പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. യുഎസിലെ വിദ്യാർത്ഥിയായതിനാൽ മാതാപിതാക്കൾ താമസിക്കുന്ന ചത്രപതി സാമ്ഭാജി നഗറിലെ വീടിനാണ് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആളുകൾ സംഘടിക്കാതിരിക്കാൻ ആണ് നടപടി.