ഭൂഗോളത്തിന്റെ സ്‌പന്ദനം കണക്കിലാണോ? 187 കോടി ഒരു വർഷം സമ്പാദിക്കുന്ന ഗണിത അദ്ധ്യാപകന്റെ തൊഴിൽ 'രഹസ്യം'

Thursday 04 June 2026 1:00 PM IST

ഒരു അദ്ധ്യാപകന്റെ വാർഷിക വരുമാനം 187 കോടി രൂപയാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ വിശ്വസിക്കാതെ വേറെ വഴിയില്ല,​ കേട്ടകാര്യം സത്യമാണ്. ദക്ഷിണ കൊറിയയിലെ ഒരു ഗണിത അദ്ധ്യാപകനാണ് ഇത്ര ഡിമാൻഡ്. കൊറിയ ജൂങ് ആങ് ഡെയ്ലിയിലാണ് ഇതുസംബന്ധിച്ച വാർത്ത വന്നത്.

ആരാണ് ആ അദ്ധ്യാപകൻ

കൊറിയയിലെ ഹ്യൂൺ വൂ - ജിൻ എന്ന ഗണിതാദ്ധ്യാപകന്റെ വാർഷിക വരുമാനം 125 കോടി മുതൽ 187 കോടി വരെയാണ്. യുഎസിലെ സ്റ്റാൻഫോർഡിൽ നിന്നാണ് ഇദ്ദേഹം ഗണിതശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയത്. ഇദ്ദേഹത്തിന്റെ ബുക്കുകൾ പ്രതിവർഷം പത്തുലക്ഷത്തോളം കോപ്പികളാണ് വിറ്റഴിക്കപ്പെടുന്നതെന്നാണ് റിപ്പോർട്ട്.

നിലവിൽ കൊറിയയിലെ ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ സ്ഥലമായ ദി പെന്റ്ഹൗസ് ചിയോംഗ്ഡാം വില്ലയിലാണ് ഹ്യൂൺ താമസിക്കുന്നത്. കൊറിയയിൽ അദ്ദേഹത്തിന് വലിയ ഒരു ആരാധകവൃന്ദം തന്നെയുണ്ടെന്നാണ് വിവരം. സ്റ്റാർ ലക്ചററായ ഹ്യൂണിന്റെ പരസ്യങ്ങൾ ബസുകളിലും സബ്‌വേ സ്റ്റേഷനുകളിലും കാണപ്പെടുന്നു.

സെലിബ്രിറ്റികളെപ്പോലെ ആരാധനയോടെയാണ് വിദ്യാർത്ഥികൾ ഇതുപോലെയുള്ള അദ്ധ്യാപകരുടെ ക്ലാസുകളിൽ എത്തുന്നത്. ഒരു കെ - പോപ്പ് ആരാധിക തന്റെ ഐഡലിനെ സ്‌നേഹിക്കുന്നതിന് തുല്യമാണ് ഇതെന്നും റിപ്പോർട്ടുണ്ട്. സ്റ്റാർ ലക്ചറർമാരുടെ ചിത്രങ്ങൾ പതിപ്പിച്ച മഗ്ഗുകൾ, ബാഗുകൾ, സ്റ്റിക്കറുകൾ എന്നിവ വിദ്യാർത്ഥികൾ വാങ്ങുന്നു. കൂടാതെ സോഷ്യൽ മീഡിയയിലും അവർക്ക് വലിയ പിന്തുണ ഉണ്ടായിരിക്കും.

പഠനവും സാമ്പത്തിക ലാഭവും

ദക്ഷിണ കൊറിയയിലെ സ്വകാര്യ വിദ്യാഭ്യാസം കച്ചവടമാകുന്ന രീതിയാണ് ഇവിടെ വ്യക്തമാക്കുന്നത്. ട്യൂഷൻ, സ്വകാര്യ സ്കൂളുകൾ എന്നിവ ഈ കച്ചവടത്തിന്റെ ഭാഗമാകുന്നു. വിദ്യാഭ്യാസത്തിന് അപ്പുറം വിപണി നേട്ടങ്ങൾക്കും വിദ്യാർത്ഥികളെ ഉപയോഗിക്കുന്നുവെന്നത് ഇതിലൂടെ വ്യക്തമാണ്. കൂടാതെ കൊറിയയൽ അക്കാദമിക് മത്സരങ്ങളെയും ഇത് സൂചിപ്പിക്കുന്നു. മികച്ച വിദ്യാഭ്യാസവും ഒന്നാം സ്ഥാനവും ആഗ്രഹിക്കുന്നവർ ഇത്തരം പരസ്യങ്ങൾ കണ്ട് അവിടെ ചേരുന്നു.

കൊറിയയിലെ പരീക്ഷ

എല്ലാ വർഷവും നവംബറിലാണ് കൊറിയയിലെ കോളേജ് സ്‌കോളാസ്റ്റിക് എബിലിറ്റി ടെസ്റ്റ് നടക്കുന്നത്. ഈ പരീക്ഷയെ സുനെങ് (SUNEEUNG) എന്ന് അറിയപ്പെടുന്നു. ഏകദേശം ഒമ്പത് മണിക്കൂറാണ് ഇതിന്റെ സമയം. രാജ്യം മുഴുവൻ ഈ പരീക്ഷ സമയത്ത് വിദ്യാർത്ഥികൾക്കൊപ്പം നിൽക്കുന്നു. ഇംഗ്ലീഷ് ലിസണിംഗ് എക്സാമിന്റെ സമയത്ത് വ്യോമസേന തങ്ങളുടെ പരിശീലനവിമാനങ്ങൾ വരെ നിർത്തിവയ്ക്കുന്നു. വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് താമസിച്ച് എത്താതിരിക്കാൻ പൊലീസുകാർ അവരെ സഹായിക്കുന്നു. സിനിമകൾ,​ പുതിയ ഗാനങ്ങൾ എന്നിവയും ഈ മാസം റിലീസ് ചെയ്യില്ല. അത് വിദ്യാർത്ഥികളുടെ ശ്രദ്ധതിരിക്കുമെന്നതിനാലാണ്.

ഈ പരീക്ഷയിൽ ഉയർന്ന സ്കോർ നേടുന്നവർക്ക് SKY സർവകലാശാലകളിൽ പ്രവേശനം നേടാം. സിയോൾ നാഷണൽ യൂണിവേഴ്സിറ്റി, കൊറിയ യൂണിവേഴ്സിറ്റി, യോൻസെയ് യൂണിവേഴ്സിറ്റി എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. ഈ കോളേജുകളിൽ നിന്ന് ബിരുദം നേടുന്നവർക്ക് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് മുൻഗണന ലഭിക്കും.

അതിനാൽ തന്നെ മാതാപിതാക്കൾ കുട്ടികൾക്ക് മേൽ വലിയ സമ്മർദ്ദമാണ് ഈ സമയം ചെലുത്തുന്നത്. ഈ പരീക്ഷയിൽ വിജയം നേടാൻ ചെറുപ്പം മുതൽ ഇത്തരം ട്യൂഷനുകളിലും മറ്റും അയയ്ക്കുന്നു. ഇതാണ് പല സ്വകാര്യ സ്ഥാപനങ്ങളും പണമാക്കുന്നത്. കൊറിയൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷൻ സർവീസ് പ്രകാരം 2024ൽ ദക്ഷിണ കൊറിയൻ കുടുംബങ്ങൾ സ്വകാര്യ ട്യൂഷനായി ഏകദേശം 29,2 മില്യൺ (1,82,932 കോടി ) ചെലവഴിച്ചു. 2014നെ അപേക്ഷിച്ച് 60.1 ശതമാനം ഇത് കൂടുതലാണ്.