SignIn
Kerala Kaumudi Online
Thursday, 04 June 2026 1.40 PM IST

ചികിത്സയിലുള്ള പിതാവിന് കൂട്ടിരിക്കാൻ ഹോട്ടലിൽ മുറിയെടുത്തു; ഒടുവിൽ തീപിടിത്തത്തിൽ പൊലിഞ്ഞത് ഒരു കുടുംബത്തിലെ എട്ട് പേർ

vivek-agarwal-tarjini

ഗുരുഗ്രാം: ആശുപത്രി സന്ദർശനത്തിനായി ഡൽഹിയിലെത്തിയ കുടുംബത്തെ കാത്തിരിക്കുന്നത് അവർ മടങ്ങിയെത്താത്ത ശൂന്യമായ വീട്. ഗുരുഗ്രാമിലെ അഗർവാൾ കുടുംബത്തിലെ അംഗങ്ങളായിരുന്നു ഡൽഹി മാളവ്യ നഗറിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ച 21 പേരിൽ എട്ടുപേർ. വൻ ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ഇനിയും മുക്തരാകാത്ത ബന്ധുക്കളും അയൽക്കാരും അഗർവാളിന്റെ വീടിന് മുന്നിൽ കണ്ണീരോടെ തടിച്ചുകൂടിയിരിക്കുകയാണ്. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റായ വിവേക് അഗർവാൾ, ഭാര്യ തർജിനി, മാതാവ് പ്രേംലത, മക്കളായ ജീവിഷ, വാരിയ എന്നിവരടക്കം എട്ട് പേരാണ് ദുരന്തത്തിൽ വെന്തുമരിച്ചത്.

fire-attack-

വിവേക് അഗർവാളിന്റെ പിതാവ് രാധേ ശ്യാം അഗർവാൾ മാളവ്യ നഗറിന് സമീപമുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന് കൂട്ടിരിക്കാനും പരിചരിക്കാനുമായാണ് വിവേകും കുടുംബവും ആശുപത്രിക്ക് തൊട്ടടുത്തുള്ള ഹോട്ടലിൽ രണ്ട് മുറികൾ വാടകയ്‌ക്കെടുത്തത്. ബംഗളൂരുവിൽ പഠിക്കുകയായിരുന്ന വിവേകിന്റെ ഒരു മകൾ, ആശുപത്രിയിലുള്ള മുത്തശ്ശനെ കാണാൻ വേണ്ടി മാത്രമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ എത്തിയത്. ഒടുവിൽ ആ മകളും തീപിടിത്തത്തിൽ മരിച്ചു. നിലവിൽ കുടുംബത്തിൽ അവശേഷിക്കുന്നത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വൃദ്ധനായ രാധേ ശ്യാം അഗർവാൾ മാത്രമാണ്.

'ഭായ്, ഞങ്ങൾ ഇനി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല.' തീപിടിത്തം ഉണ്ടായ സമയത്ത് വിവേക് അഗർവാൾ തന്റെ ബന്ധുവായ പുനീത് ഗുപ്തയെ ഫോണിൽ വിളിച്ച് അവസാനമായി പറഞ്ഞ വാക്കുകളാണിത്. ഉടൻ തന്നെ ഒരു തൂവാല നനച്ച് മുഖത്ത് കെട്ടാൻ പുനീത് ഗുപ്ത വിവേകിനോട് പറഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും ഒരു രക്ഷയുമുണ്ടായില്ലെന്നും തങ്ങൾ സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും അവർ എല്ലാവരും മരണപ്പെട്ടിരുന്നുവെന്നും പുനീത് പറയുന്നു. മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും പറ്റാത്ത വിധം പൂർണമായി കരിഞ്ഞുപോയിരുന്നതായും പുനീത് കണ്ണീരോടെ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാളെയാണ് ഗുരുഗ്രാമിലെ വീട്ടിലേക്ക് മൃതദേഹങ്ങൾ എത്തുക.

fire-attack

ഹോട്ടലിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ബന്ധുക്കൾ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. വളരെ ഇടുങ്ങിയ ഗലിക്കുള്ളിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. വഴി ഇടുങ്ങിയതായതിനാൽ ഫയർഫോഴ്സിന് സമയത്തിന് എത്തിപ്പെടാൻ സാധിച്ചിരുന്നില്ല. കെട്ടിടത്തിൽ കൃത്യമായ ഫയർ എസ്‌കേപ്പ് സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.


ഇന്നലെ രാവിലെ മാളവ്യ നഗറിലെ അഞ്ച് നിലകളുള്ള 'ഫ്ളറിഷ് സ്റ്റേ ബി ആൻഡ് ബി' എന്ന ഹോട്ടലിലായിരുന്നു വൻ തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുടനീളം തീ അതിവേഗം പടർന്നതിനെ തുടർന്ന് അന്തേവാസികൾ അകത്ത് കുടുങ്ങുകയായിരുന്നു. ഹോട്ടലിൽ നിന്നും 58 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട 21 പേർ മരണപ്പെടുകയും ചെയ്തു. ഹോട്ടലിന് ഫയർ എൻ.ഒ.സി ഉണ്ടോ എന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും അധികൃതർ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, FIREATTACK, DELHI, LATESTNEWS, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360