ഇത്തവണയും ഭാഗ്യം മലയാളിക്കൊപ്പം; അബുദാബി ബിഗ് ടിക്കറ്റിൽ ലക്ഷപ്രഭുക്കളായി നാല് ഇന്ത്യക്കാർ
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും മലയാളി ഉൾപ്പെടെ നാല് ഇന്ത്യക്കാരെ ഭാഗ്യം തുണച്ചു. മേയിലെ അവസാന പ്രതിവാര ഇ-നറുക്കെടുപ്പിൽ ഒരു ലക്ഷം ദിർഹത്തിന്റെ (25,93,023രൂപ) ആകെ സമ്മാനത്തുകയാണ് നാലുപേരും പങ്കിട്ടെടുത്തത്. ജൂൺ മാസത്തിൽ രണ്ടര കോടി ദിർഹത്തിന്റെ ബംപർ സമ്മാനത്തുക ഉൾപ്പെടെ നിരവധി ഭാഗ്യസമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കിയിരിക്കുന്നത്.
അഞ്ച് വർഷമായി ബഹ്‌റൈനിൽ സെയിൽസ്‌മാനായി ജോലി ചെയ്യുന്ന അനസ് വാഴയിൽ (37) ആണ് സമ്മാനം ലഭിച്ച മലയാളി. കഴിഞ്ഞ മൂന്ന് വർഷമായി പത്ത് സുഹൃത്തുക്കളുമായി ചേർന്നാണ് ഇദ്ദേഹംടിക്കറ്റെടുക്കുന്നത്. ഇപ്പോൾ ലഭിച്ച സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്ന് അനസ് പറഞ്ഞു. ഒരുമിച്ച് ടിക്കറ്റെടുക്കുമെന്നത് ഇനിയും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എമിറേറ്റ്‌സ് ഗ്ലോബൽ അലുമിനിയത്തിൽ കൺട്രോൾ റൂം ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ചെന്നൈ സ്വദേശി ജയഗണേഷ് മോഹൻ ആണ് സമ്മാനം ലഭിച്ച മറ്റൊരു ഇന്ത്യക്കാരൻ. കഴിഞ്ഞ പത്ത് വർഷമായി ദുബായിൽ താമസിക്കുന്ന ഇദ്ദേഹം 11 സഹപ്രവർത്തകരുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. ഗ്രൂപ്പിലെ ആളുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന 11 എന്ന നമ്പർ ഉൾപ്പെടുന്ന ടിക്കറ്റാണ് ഇവർക്ക് ഭാഗ്യം കൊണ്ടുവന്നത്.
സിനിമാ സംവിധായകവും മുംബയ് സ്വദേശിയുമായ 56കാരൻ തേജൽ പട്‌നിക്കാണ് ഭാഗ്യം തേടിയെത്തിയ മൂന്നാമൻ. കഴിഞ്ഞ 49 വർഷമായി ഇദ്ദേഹം കുടുംബമായി ദുബായിലാണ് താമസം. ആദ്യമായാണ് ഇദ്ദേഹത്തിന് ബിഗ് ടിക്കറ്റിൽ സമ്മാനം ലഭിക്കുന്നത്. തേജലിന്റെ 13കാരിയായ മകൾ തിരഞ്ഞെടുത്ത 13 എന്ന സംഖ്യ ഉൾപ്പെടുന്ന ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്.
ബംഗളൂരുവിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ തിരുസെന്തിൽകുമാർ പാണ്ഡ്യൻ ആണ് നാലാമത്തെ ഭാഗ്യശാലി. മുമ്പ് നാല് വർഷം ദുബായിലായിരുന്ന ഇദ്ദേഹം കഴിഞ്ഞ ആറ് വർഷമായി സ്വന്തം നിലയിൽ ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ച് വരികയാണ്.