
കൊൽക്കത്ത: ലയണൽ മെസിയുടെ കൂറ്റൻ ശിൽപം പൊളിച്ചുമാറ്റാൻ പൊതുമരാമത്ത് നീക്കം. കൊൽക്കത്തയിൽ സ്ഥാപിച്ച 70 അടി ഉയരമുള്ള കൂറ്റൻ പ്രതിമയാണ് പൊളിച്ചുമാറ്റാൻ ഒരുങ്ങുന്നത്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നീക്കം.
അഞ്ച് മാസങ്ങൾക്ക് മുൻപ് അർജന്റൈൻ നായകൻ ലയണൽ മെസി തന്നെയാണ് ശിൽപം അനാച്ഛാദനം ചെയ്‌തത്. കഴിഞ്ഞ വർഷം മെസിയുടെ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗോട്ട് ടൂർ പരിപാടിക്കിടെയാണ് ശിൽപത്തിന്റെ അനാച്ഛാദനം നടന്നത്. ലോകകപ്പും പിടിച്ച് നിൽക്കുന്ന മെസിയെയാണ് ശിൽപമായി ഒരുക്കിയിരിക്കുന്നത്. ലേക്ക് ടൗണിലെ വിഐപി റോഡിൽ ഗോൾഡൻ കളറിലാണ് ശിൽപമുള്ളത്.
ശക്തമായ കാറ്റിൽ ശിൽപം ആടിയുലയുന്നുണ്ടെന്നും ഇത് ജനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും കാട്ടി പ്രദേശവാസികൾ നൽകിയ പരാതിയിന്മേലാണ് നടപടി. പരാതിക്ക് പിന്നാലെ പൊതുമരാമത്ത് എഞ്ചീനിയർമാർ സ്ഥലത്തെത്തി ശിൽപം പരിശോധിച്ചു. ഫൈബർ ഗ്ലാസും ഇരുമ്പും ഉപയോഗിച്ച് നിർമ്മിച്ച ശിൽപത്തിന്റെ ഘടനയിൽ സുരക്ഷാപ്രശ്‌നങ്ങൾ ഉള്ളതായി പരിശോധനയിൽ വ്യക്തമായി. ദിവസവും ധാരാളം യാത്രക്കാർ കടന്നുപോകുന്ന റോഡിനും സബ്‌വേയ്‌ക്കും ഇടയിലാണ് ശിൽപം സ്ഥാപിച്ചിരിക്കുന്നത്. ഇത് പൊളിച്ച് മാറ്റുന്നത് കൂടുതൽ വെല്ലുവിളികൾ സൃഷ്‌ടിക്കും. ഉചിതമായ മാർഗത്തിൽ എത്രയും വേഗം ശിൽപം ഇവിടെനിന്ന് മാറ്റാനാണ് അധികൃതരുടെ നീക്കം. മറ്റേതെങ്കിലും സ്ഥലത്ത് ഈ ശിൽപം പുനഃസ്ഥാപിക്കപ്പെടുമോയെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |