മകന്റെ വിവാഹത്തിനായി ഗള്‍ഫിലെത്തി; സങ്കടത്തിലാഴ്ത്തി അപ്രതീക്ഷിത മരണം

Friday 22 May 2026 7:55 PM IST

മസ്‌കറ്റ്: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി മഹ്‌മൂദും കുടുംബവും ഒമാനിലെത്തിയത്. എന്നാല്‍ കുടുംബത്തേയും ബന്ധുക്കളേയും സുഹൃത്തുക്കളേയും സങ്കടത്തിലാഴ്ത്തിയാണ് അപ്രതീക്ഷിതമായി മഹ്‌മൂദിന്റെ വിയോഗവാര്‍ത്തയെത്തിയത്. മസ്‌കറ്റിലെ അല്‍ഖുവൈറില്‍ വിവാഹ ചടങ്ങുകള്‍ വെള്ളിയാഴ്ചയാണ് നിശ്ചയിച്ചിരുന്നത്.

ഖുറമിലെ പെര്‍ഫ്യൂം ഷോപ്പില്‍ മാനേജരായ മകന്‍ മാസിന്‍ മഹ്‌മൂദിന്റെ വിവാഹ ചടങ്ങിനായാണ് പിതാന് മഹ്‌മൂദും മാതാവ് റഹ്‌മത്തും സഹോദരിമാരായ മെഹ്‌റ, മാജിദ എന്നിവരും ഏതാനും ദിവസം മുമ്പ് എത്തിയത്. കിഡ്‌നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മഹ്‌മൂദ് നാട്ടില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചാണ് മഹ്‌മൂദ് 2022ല്‍ നാട്ടിലേക്ക് മടങ്ങിയത്. വിവാഹത്തിനായി മസ്‌കറ്റിലെത്തി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അസുഖം ബാധിച്ച് മഹ്‌മൂദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പിതാവിന് അസുഖം കാരണം ആരോഗ്യ സ്ഥിതി വഷളായതോടെ വിവാഹം നേരത്തെ നടത്തുകയായിരുന്നു. ആശുപത്രിയില്‍ പിതാവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം നടത്തിയത്. മലയാളി വേരുകളുള്ള മുംബയ് സ്വദേശി സബ മുനീര്‍ മൂസയാണ് വധു. മരണത്തെ തുടര്‍ന്ന് വിവാഹവുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകള്‍ ഒഴിവാക്കുകയായിരുന്നു. മസ്‌കറ്റിലെ ആമിറാത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. ഭാര്യ: റഹ്‌മത്ത്. മറ്റ് മക്കള്‍: മെഹ്റ, മാജിത. മരുമക്കള്‍: അബ്ദുല്ല കെ.എസ് (അല്‍ഐന്‍), മുഷ്താഖ് (തളിപ്പറമ്പ്).