22 ശതമാനം ആഭ്യന്തര സർവീസുകൾ റദ്ദാക്കുമെന്ന് എയർ ഇന്ത്യ; കാരണം ഇന്ധനവില വർദ്ധനവ്

Wednesday 27 May 2026 3:56 PM IST

ന്യൂഡൽഹി: ഇന്ധനവില വർദ്ധിച്ചതോടെ പ്രവർത്തനച്ചെലവ് കൂടിയ സാഹചര്യത്തിൽ ആഭ്യന്തര വിമാന സർവീസുകൾ 20 മുതൽ 22 ശതമാനം വരെ വെട്ടിക്കുറയ്‌ക്കുമെന്ന് എയർ ഇന്ത്യ. ജൂൺ മുതൽ ഓഗസ്റ്റ് മാസം വരെയാണ് സർവീസുകൾ റദ്ദാക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ 27 ശതമാനം അന്താരാഷ്‌ട്ര വിമാന സർവീസുകളും എയർ ഇന്ത്യ നേരത്തേ റദ്ദാക്കിയിരുന്നു.

ആഴ്‌ചയിൽ 4,400 വിമാന സർവീസുകൾ എയർ ഇന്ത്യ നടത്തുന്നുണ്ട്. ഇതിൽ 3,600 ആഭ്യന്തരവും 800 അന്താരാഷ്‌ട്ര സർവീസുമാണ്. ഇതിൽ ചില വിമാനങ്ങളുടെ സർവീസുകൾ റദ്ദാക്കും. ചില സർവീസുകൾ വെട്ടിച്ചുരുക്കും. ഔദ്യോഗിക പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. സർവീസുകൾ റദ്ദാക്കുന്നത് കാരണം ബുദ്ധിമുട്ടിലാകുന്ന യാത്രക്കാർക്ക് ബദൽ യാത്രാ സൗകര്യമടക്കം വിമാനക്കമ്പനി വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. യാത്ര വേണ്ടെന്ന് വയ്‌ക്കുന്നവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.