അടുത്ത രണ്ട് ദിവസം ബാങ്ക് അവധി, ഇടപാടുകൾ നേരത്തെയാക്കാം; അറിയേണ്ട കാര്യങ്ങൾ

Tuesday 26 May 2026 10:43 AM IST

ന്യൂഡൽഹി: ബക്രീദിന് ആഘോഷത്തിന്റെ ഭാഗമായി കേരളത്തിൽ മേയ് 27നും 28നും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കലണ്ടർ പ്രകാരം 27നായിരുന്നു പെരുന്നാൾ അവധി. എന്നാൽ മാസപ്പിറവി കാണാത്തതിനെ തുടർന്ന് 28നാണ് ബലിപെരുന്നാൾ ആഘോഷിക്കുക. ഇത് പ്രകാരമാണ് ചില സംസ്ഥാനങ്ങൾ 27നും 28നും പൊതുഅവധി പ്രഖ്യാപിച്ചത്.

എന്നാൽ ബാങ്കുകൾ ഈ രണ്ടുദിവസവും അവധിയാണോ എന്ന കാര്യത്തിൽ പൊതുജനങ്ങൾക്ക് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ബക്രീദിനുള്ള ബാങ്ക് അവധി സംസ്ഥാനങ്ങൾക്കിടയിൽ വ്യത്യസ്തമാണ്. ചില സംസ്ഥാനങ്ങളിലെ ബാങ്കുകൾക്ക് മേയ് 27നാണ് അവധി നൽകിയിരിക്കുന്നത്. മറ്റ് ഇടങ്ങളിൽ മേയ് 28നും അവധിയാണ്.

മേയ് 27ന് ബാങ്ക് അവധിയുള്ള സംസ്ഥാനങ്ങൾ

കേരളം,​ ത്രിപുര,​ ഗുജറാത്ത്,​ മദ്ധ്യപ്രദേശ്,​ ചണ്ഡീഗഡ്,​ ഉത്തരാഖണ്ഡ്,​ അസം,​ ആന്ധ്രാപ്രദേശ്,​ മണിപ്പൂർ,​ ജമ്മുകാശ്മീർ,​ നാഗാലാൻഡ്,​ പശ്ചിമ ബംഗാൾ,​ ഉത്തർപ്രദേശ്,​ ഛത്തീസ്ഗഡ്,​ ജാർഖണ്ഡ്,​ മേഘാലയ,​ ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ 27ന് ബാങ്ക് അവധിയാണ്. ഉപഭോക്താക്കൾ ബാങ്ക് ഇടപാടുകൾ നടത്തുന്നതിന് മുൻപ് ബാങ്കുമായി ബന്ധപ്പെട്ട് സമയക്രമവും അവധിയും സ്ഥിരീകരിക്കേണ്ടതാണ്.

മേയ് 28ന് ബാങ്ക് അവധിയുള്ള സംസ്ഥാനങ്ങൾ

കേരളം,​ മിസോറാം,​ മഹാരാഷ്ട്ര,​ കർണാടക,​ തെലങ്കാന,​ തമിഴ്നാട്,​ രാജസ്ഥാൻ,​ ജമ്മുകാശ്മീർ,​ ഗോവ,​ മേഘാലയ,​ ബീഹാർ എന്നിവിടങ്ങളിൽ മേയ് 28നാണ് ബാങ്ക് അവധി. ഉപഭോക്താക്കൾ ബാങ്കുമായി ബന്ധപ്പെട്ട് അവധി സ്ഥിരീകരിക്കേണ്ടതാണ്.