കൃത്യമായ സ്ട്രാറ്റജിയും പ്ലാനിംഗും: എല്ലാ മണ്ഡലങ്ങളിലും ബിജെപി ശ്രദ്ധ ചെലുത്തിയത് ഒരേയൊരു കാര്യത്തിന്
ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽകാനുള്ള ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പൂർത്തിയായത്. ഇന്ന് സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകാനാണ് സാദ്ധ്യത. സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിന് കഴിഞ്ഞതിലും വ്യത്യസ്തമായ തന്ത്രങ്ങളാണ് ബിജെപി ഇത്തവണ ആവിഷ്‌കരിച്ചത്.
ഇത്തവണ പൊതുജനാഭിപ്രായങ്ങൾ, പ്രത്യേക വിലയിരുത്തലുകൾ, ഉന്നത തലത്തിലുള്ള തന്ത്രപരമായ ചർച്ചകൾ എന്നിവ ഉൾക്കൊള്ളുന്ന ബഹുതലവും സമഗ്രവുമായ ഒരു പ്രക്രിയയാണ് ബിജെപി ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. കഴിഞ്ഞ ദിവസം രാത്രി നടന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവർ പങ്കെടുത്ത യോഗത്തിൽ 543 ലോക്സഭ മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥികളെക്കുറിച്ച് ധാരണയായെയന്നാണ് വിവരം.
സ്ഥാനാർത്ഥിയെ കണ്ടെത്താൻ പുതിയ തന്ത്രം സ്ഥാനാർത്ഥി നിർണയത്തിന് അടിത്തട്ടിലുള്ള അഭിപ്രായം പാർട്ടി സ്വീകരിച്ചിട്ടുണ്ട്. ഇതിനായി നമോ ആപ്പിന്റെ സഹായം പാർട്ടി തേടിയിട്ടുണ്ട്. തങ്ങളുടെ മണ്ഡലത്തിലെ എംപി എങ്ങനെയുള്ള ആളാണെന്നുള്ള ജനങ്ങളുടെ അഭിപ്രായം പാർട്ടി ഇതുവഴി തേടിയിട്ടുണ്ട്. നിലവിലെ എംപിയുടെ പ്രവർത്തനങ്ങളെക്കുറിച്ചും വോട്ടർമാരോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇങ്ങനെ താഴെത്തട്ടിലുള്ളവരുടെ അഭിപ്രായം തേടുന്നത്, സ്ഥാനാർത്ഥികൾ പ്രാദേശിക ജനതയുടെ വികാരങ്ങളോടും അഭിലാഷങ്ങളോടും മനസിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
കഴിഞ്ഞ രണ്ട് വർഷമായി ബിജെപി എംപിമാരുടെ പ്രവർത്തനം വിലയിരുത്തുകയും അവരുടെ അഭിപ്രായം തേടുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഓരോ മണ്ഡലത്തെയും കുറിച്ചുള്ള സമഗ്രമായ രൂപം ലഭിക്കുന്നതിന് പല സർവ്വേ ഏജൻസികളെയും പാർട്ടി സമീപിച്ചിട്ടുണ്ട്. ഓരോ മണ്ഡലത്തെയും സന്ദർശിച്ച് നിലവിലെ എംപിമാരെ കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയാൻ മന്ത്രിമാരെയും പാർട്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന സമഗ്രമായ വിവരങ്ങൾ സംസ്ഥാന തലത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയിൽ ചർച്ച ചെയ്യും. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ചാണ് ബിജെപി അവസാന ഘട്ട സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടക്കുന്നത്.
ഇതോടൊപ്പം ഓരോ സംസ്ഥാനത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാക്കൾ പാർട്ടി അദ്ധ്യക്ഷൻ ജെപി നദ്ദ, ആഭ്യന്തരമന്ത്രി അമിത് ഷാ, ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ് എന്നിവരുമായുള്ള കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാത്രമേ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമാകുകയുള്ളൂ.
നഷ്ടപ്പെട്ട സീറ്റുകൾ കഴിഞ്ഞ ദിവസം ചേർന്ന യോഗം രാത്രി 11 മണിയോടെയാണ് അവസാനിച്ചത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കുകയോ നില മെച്ചപ്പെടുത്തുകയോ ചെയ്യണമെന്നാണ് പാർട്ടി നേതൃത്വം മുന്നോട്ടുവച്ച പ്രധാന നിർദ്ദേശം. ഭൂപേന്ദർ യാദവ്, ധർമേന്ദ്ര പ്രധാൻ, മൻസുഖ് മാണ്ഡവ്യ എന്നിവരുൾപ്പെടെ നിരവധി കേന്ദ്രമന്ത്രിമാരെ പൊതുതെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.