'ആർസിബി ആരാധകരോട് അനീതി കാണിച്ചു, കാരണം രാഷ്ട്രീയം'; കിരീടം നേടിയതിന് പിന്നാലെ തുറന്നടിച്ച് ഡികെ ശിവകുമാർ

Monday 01 June 2026 10:44 AM IST

ബംഗളൂരു: ഐപിഎൽ കിരീടത്തിൽ തുടർച്ചയായ രണ്ടാം തവണയും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുത്തമിട്ടിരിക്കുകയാണ്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം വേദിയായ ഫൈനലിൽ ആതിഥേയരായ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് കീഴടക്കിയാണ് ആർസിബി കിരിടം നിലനിറുത്തിയത്. ഐപിഎല്ലിൽ വിരാട് കൊഹ്ലി അടിച്ച ഏറ്റവും വേഗമേറിയ സെഞ്ച്വറി കരുത്തോടെയാണ് കപ്പ് വീണ്ടും ബംഗളൂരുവിലേക്ക് എത്തിച്ചത്.

കപ്പ് സ്വന്തമാക്കിയതിന്റെ ആഘോഷത്തിനിടെ ബംഗളൂരു ആരാധകരോട് ഐപിഎൽ മാനേജ്‌മെന്റ് നീതികേട് കാട്ടിയെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കർണാടക നിയുക്ത മുഖ്യമന്ത്രി ഡികെ ശിവകുമാർ. ഫൈനൽ മത്സരം ബംഗളൂരുവിൽ നടന്നിരുന്നെങ്കിൽ ആർസിബി ആരാധകർക്ക് മികച്ചൊരു നിമിഷം സമ്മാനിച്ചേനെയെന്ന് ഡികെ ശിവകുമാർ പറഞ്ഞു.

'ഐപിഎൽ ഫൈനൽ മത്സരം ബംഗളൂരുവിൽ നടക്കേണ്ടതായിരുന്നു. ഞങ്ങൾക്ക് തെറ്റുപറ്റി. രാഷ്ട്രീയം കാരണമാണ് മത്സരം അവർ അവിടെയെത്തിച്ചത്. ഇനി ഞാൻ കൂടുതൽ അഭിപ്രായം പറയുന്നില്ല. അങ്ങനെ ആർസിബി മത്സരം വിജയിച്ചു. ഈ വർഷവും അവർ നന്നായി കളിച്ചു. കർണാടക ആരാധകരുടെ പേരിൽ, ആർസിബിയുടെ ആരാധകർക്ക് വേണ്ടി, കർണാടക സംസ്ഥാനത്തിന്റെ പേരിൽ, സർക്കാരിന് വേണ്ടി, ഞാൻ അവർക്ക് എല്ലാ ആശംസകളും നേരുന്നു'- ഡികെ ശിവകുമാർ പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റസ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ ആർസിബി ചേസ് കിംഗ് വിരാട് കൊഹ്ലിയുടെ ബാറ്റിംഗിന്റെ പിൻബലത്തിൽ 18 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (161/5). പുറത്താകാതെ 42 പന്തിൽ 3 സിക്സും 9 ഫോറും ഉൾപ്പെടെ 75 റൺസ് നേടിയാണ് ഫൈനലിൽ കൊഹ്ലി ചേസിംഗിൽ ആർസിബിയുടെ മുന്നണിപ്പോരാളിയായത്. 37ാം വയസിലും പ്രതിഭയ്ക്ക് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് തെളിയിച്ച ഇന്നിംഗ്സായിരുന്നു കൊഹ്ലിയുടേത്. അർഷദ് ഖാനെറിഞ്ഞ 18ാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ ഫോറും സിക്സും നേടിയാണ് കൊഹ്ലി ആർസിബിയെ വിജയ തീരത്തെത്തിച്ചത്.