അണ്ണാമലൈ ബിജെപി വിടുന്നു? പുതിയ പാർട്ടി രൂപീകരിക്കാൻ ശ്രമം, ജൂൺ മൂന്നിന് പ്രഖ്യാപനമുണ്ടാകും

Monday 01 June 2026 11:36 AM IST

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടി വിട്ട് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. അണ്ണാമലൈയുമായുള്ള അടുത്ത ബന്ധമുള്ളവരെ ഉദ്ധരിച്ച് ന്യൂസ് 18 ആണ് റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം പാർട്ടിയുമായി അണ്ണാമലൈ അകൽച്ചയിലാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അണ്ണാമലൈക്ക് സീറ്റ് നൽകിയിരുന്നില്ല.

പുതിയ പാർട്ടിയുടെ പ്രഖ്യാപനം ജൂൺ മൂന്നോടെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അണ്ണാമലൈയെ തമിഴ്നാട് ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നൈനാർ നാഗേന്ദ്രനെ നിയോഗിച്ചിരുന്നു. എന്നാൽ അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. തിരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് പാർട്ടി കാഴ്ചവച്ചത്. പിന്നാലെ അണ്ണാമലൈ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

സിബിഎസ്ഇയിലെ 9ാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ത്രിഭാഷാ ഫോർമുലയെ അണ്ണാമലൈ പരസ്യമായി വിമർശിച്ചതും പാർട്ടി രൂപീകരണത്തിനുള്ള ഊഹാപോഹത്തിന് ആക്കം കൂട്ടി. ഈ ഫോർമുല അനാവശ്യമായ മാനസിക സമ്മർദ്ദം കുട്ടികളിലും രക്ഷിതാക്കളും ചെലുത്തുമെന്നാണ് അദ്ദേഹം വിമർശിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎഡിഎംകെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ബിജെപിയുടെ തീരുമാനത്തിൽ അണ്ണാമലൈ അതൃപ്തനായിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

എന്നാൽ ഒടുവിൽ അദ്ദേഹം പാർട്ടി നിലപാട് സ്വീകരിക്കുകയും എൻഡിഎയ്ക്ക് വേണ്ടി വ്യാപകമായി പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ടിവികെയുടെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാരിനെതിരെ വലിയ വിമർശനമാണ് അദ്ദേഹം നിരന്തരം ഉയർത്തുന്നത്. ഇതിനിടെ അണ്ണാമലൈയെ ദേശീയ നേതൃത്വത്തിലെ ഉയർന്ന പദവികളിലേക്ക് പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ 2021 മുതൽ 2025 വരെയാണ് തമിഴ്നാട് ബിജെപി അദ്ധ്യക്ഷ പദവിയിലിരുന്നത്. എന്നാൽ സി എൻ അണ്ണാദുരൈയെയും ജെ ജയലളിതയെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിവാദ പരാമർശങ്ങളും എഐഎഡിഎംകെയെ അകറ്റി. എന്നാൽ ഇത് സഖ്യത്തിന്റെ തകർച്ചയ്ക്കും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികൾക്കും വൻ തിരിച്ചടിക്കും കാരണമായി.