ആദര്‍ശങ്ങളും നയങ്ങളുമാണ് പ്രധാനം, എല്ലാനിലക്കും തമിഴ്നാടിനെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്'; വൈകാരിക കുറിപ്പുമായി സ്റ്റാലിന്‍ 

Tuesday 05 May 2026 6:38 PM IST

ചെന്നൈ : ഭരണകക്ഷി എന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) ഇനി ഫലപ്രദമായ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി സ്റ്റാലിന്‍ രംഗത്തെത്തി. ജനങ്ങളുടെ വിധി അംഗീകരിക്കുന്നുവെന്നും വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും കുറിപ്പിലൂടെ പറഞ്ഞു.

വന്‍ വിജയങ്ങളും പരാജയങ്ങളും താന്‍ കണ്ടിട്ടുണ്ടെന്നും വിജയപരാജയങ്ങള്‍ മാത്രമല്ല, ആദര്‍ശങ്ങളും നയങ്ങളുമാണ് പ്രധാനമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. എല്ലാനിലക്കും തമിഴ്നാടിനെ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്.

വോട്ട് ചെയ്തവര്‍ക്കുവേണ്ടി മാത്രമല്ല, വോട്ട് ചെയ്യാന്‍ മറന്നവര്‍ക്കുംകൂടി വേണ്ടിയാണ് താന്‍ ഭരിച്ചതെന്നും അദ്ദേഹം കുറിച്ചു. വിജയികള്‍ക്ക് അദ്ദേഹം അഭിനന്ദനം അറിയിച്ചു. കൊളത്തൂര്‍ മണ്ഡലത്തില്‍ 9,000 വോട്ടുകള്‍ക്കാണ് സ്റ്റാലിന്‍ തോറ്റത്.