അണ്ണാമലൈ ‌ഡൽഹിയിൽ അണ്ണാ ഡി.എം.കെയുടെ റീ എൻട്രി ചർച്ചയാകും

Saturday 29 March 2025 1:33 AM IST

ചെന്നൈ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ ഡൽഹിയിലെത്തി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അണ്ണാ ഡി.എം.കെയുമായുള്ള സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അണ്ണാമലൈയെ ഷാ വിളിച്ചുവരുത്തിയെന്നാണ് വിവരം. അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായി കഴി‍ഞ്ഞ ദിവസം ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു. അണ്ണാ ഡി.എം.കെ തിരികെ എൻ.ഡി.എയിൽ എത്തിയാൽ അണ്ണാമലൈയെ സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറ്റുമെന്ന അഭ്യൂഹമുണ്ട്. ഷായുമായുള്ള കൂട്ടിക്കഴ്ചയുടെ വിവരം പുറത്തുവന്നിട്ടില്ല. അതേസയമം,​കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്,റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരുമായി അണ്ണാമലൈ ചർച്ച നടത്തി. തമിഴ്നാടിന്റെ ആവശ്യങ്ങളാണ് ഇവരുമായി ചർച്ച നടത്തിയത്. തമിഴ്നാട്ടിൽ നിന്നുള്ള കേന്ദ്രമന്ത്രിയും ബി.ജെ.പിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ എൽ.മുരുകനും അണ്ണാമലയ്ക്കൊപ്പം ചർച്ചകളിൽ പങ്കെടുത്തു.

കറുത്ത മാസ്ക്

പ്രതിഷേധമോ?

കറുത്ത മാസ്കണിഞ്ഞാണ് ഡൽഹി വിമാനത്താവളത്തിൽ അണ്ണാമലൈ എത്തിയത്. സഖ്യം സംബന്ധിച്ച് തനിക്കൊന്നും പറയാനില്ലെന്ന് അദ്ദേഹം മാദ്ധ്യമ പ്രവ‌ർത്തകരോടു പറഞ്ഞു. അണ്ണാമലൈ ഡൽഹിക്കു പോയതെന്തിനെന്ന് തനിക്കറിയില്ലെന്നായിരുന്നു ചെന്നൈയിൽ എടപ്പാടിയുടെയും പ്രതികരണം.