അണ്ണാ ഡി.എം.കെ പിളർപ്പിലേക്ക്, തലൈവന് ബലം കൂടും
ചെന്നൈ: എം.ജി.ആറിന്റെ പിൻഗാമി എന്ന താരപരിവേഷത്തോടെ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ എം.ജി.ആർ രൂപം നൽകിയ അണ്ണാ ഡി.എം.കെ പിളർപ്പിലേക്ക്. വിജയ് സർക്കാരിന് ഇത് കൂടുതൽ ബലം പകരും. എസ്.പി.വേലുമണിയെ നിയമസഭ കക്ഷിനേതാവായി തിരഞ്ഞെടുക്കണമെന്ന് കാണിച്ച് 30 വിമത എം.എൽ.എമാർ പ്രോടൈം സ്പീക്കർക്ക് കത്തു നൽകി. നിലവിൽ പാർട്ടിയെ നയിക്കുന്ന ജനറൽ സെക്രട്ടറിയും മുൻ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമിയെ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടിയിലെ ഔദ്യോഗിക വിഭാഗം എം.എൽ.എമാരും കത്തു നൽകി. അണ്ണാ ഡി.എം.കെയ്ക്ക് 47 എം.എൽ.എമാരാണുള്ളത്. വിമതപക്ഷം ടി.വി.കെയെ അനുകൂലിക്കുന്നവരാണ്. വിമത പക്ഷത്തിനെ ഒപ്പം നിറുത്തിയാൽ ടി.വി.കെ സർക്കാരിന്റെ മുന്നോട്ടുള്ള പോക്ക് സുഗമമാകും. വി.ഷണ്മുഖം ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വേലുമണിക്കൊപ്പമാണ്. വിജയ് ഭൂരിപക്ഷം തികയ്ക്കാൻ നെട്ടോട്ടത്തിലായപ്പോൾ അണ്ണാ ഡി.എം.കെ എം.എൽഎമാരെ പുതുച്ചേരിയിലേക്കു മാറ്റിയിരുന്നു. അപ്പോൾത്തന്നെ വിമതനീക്കം ആരംഭിച്ചിരുന്നു.ഇക്കാര്യം മേയ് 8ന് കേരളകൗമുദി റിപ്പോർട്ടു ചെയ്തിരുന്നു. ടി.വി.കെയ്ക്ക് പിന്തുണ നൽകി പാർട്ടി ഭാഗികമായെങ്കിലും അധികാരത്തിൽ തിരിച്ചെത്തണമെന്നായിരുന്നു ഭൂരിപക്ഷം എം.എൽ.എമാരുടെയും നിലപാട്. പക്ഷേ, ഡി.എം.കെ പിന്തുണയോടെ അധികാരത്തിലെത്താൻ എടപ്പാടി ശ്രമിച്ചെന്നാണ് ആക്ഷേപം. പിളർപ്പ് ഒഴിവാക്കാൻ മുതിർന്ന നേതാക്കൾ ശ്രമിച്ചുവരികയാണ്.
ആരാണ് വേലുമണി?
കൊങ്കു മേഖലയിൽ സ്വാധീനമുള്ള നേതാവാണ് വേലുമണി. കോയമ്പത്തൂരിലെ തൊണ്ടമുത്തൂർ മണ്ഡലത്തിലെ എം.എൽ.എയാണ്. ഇ.പി.എസിനെ പോലെ ഗൗണ്ടർ സമുദായ അംഗമായ വേലുമണി കഴിഞ്ഞ അണ്ണാ ഡി.എം.കെ സർക്കാരിൽ ഗ്രാമവികസന നിയമ മന്ത്രിയായിരുന്നു. 2022ൽ അദ്ദേഹത്തിനെതിരെ വിജിലൻസ് കേസെടുത്തെങ്കിലും ഹൈക്കോടതി റദ്ദാക്കി.