മോദിക്ക് അകമ്പടി ഒരു കാർ മാത്രം , ഇന്ധന നിയന്ത്രണത്തിന് സ്വയം മാതൃക

Thursday 14 May 2026 12:06 AM IST

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം. ഇന്ധനച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് മോദി മാതൃക കാട്ടിയത്. മോദി സഞ്ചരിച്ച വാഹനം അടക്കം രണ്ടു കാറുകളിൽ കോൺവോയ് ഒതുക്കി. 15ൽപ്പരം വാഹനങ്ങൾ ഉപയോഗിച്ചിരുന്ന ഇടത്താണിത്.

ഗുജറാത്ത്, അസാം, ഹൈദരാബാദ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയപ്പോഴും പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചിരുന്നു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മന്ത്രിമാരും ഇതേ പാത സ്വീകരിച്ചിരിക്കുകയാണ്. ഡൽഹിയിൽ പല മന്ത്രിമാരും മെട്രോ ട്രെയിനുകളിലാണ് സഞ്ചാരം.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അകമ്പടിയും രണ്ട് വാഹനമായി ചുരുക്കി. മറ്റു കേന്ദ്രമന്ത്രിമാരും കോൺവോയ് പകുതി വെട്ടിക്കുറച്ചു.

മന്ത്രാലയങ്ങളിൽ

കാർ പൂളിംഗ്

ഉദ്യോഗസ്ഥർ വകുപ്പുതല കാറുകളിൽ ഒറ്റയ്‌ക്കു വരുന്നതിനു പകരം മറ്രു ഉദ്യോഗസ്ഥരെയും ഒപ്പം കൂട്ടി കാ‌‌ർ പൂളിംഗ് നടപ്പാക്കിത്തുടങ്ങി. മെട്രോ അടക്കം പൊതുഗതാഗതത്തിലേക്ക് കേന്ദ്രസർക്കാ‌ർ ജീവനക്കാരും മാറുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. വീഡിയോ കോൺഫൻസിംഗ് വഴിയുള്ള യോഗങ്ങൾ വർദ്ധിപ്പിക്കും. അകമ്പടി വാഹനങ്ങൾ വെട്ടിക്കുറയ്‌ക്കാൻ ഉത്ത‌ർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാർക്ക് നിർദ്ദേശം നൽകി. കഴിവതും ഇലക്ട്രിക് വാഹനങ്ങൾ, സൈക്കിൾ, പൊതുഗതാഗത സംവിധാനം എന്നിവ ഉപയോഗിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ആഴ്ചയിൽ രണ്ടു ദിവസം വർക് ഫ്രം ഹോം പാലിക്കണം.