വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം പിൻവലിച്ച് ക‌ർണാടക സ‌ർക്കാർ,​ ഉത്തരവ് പുറത്തിറങ്ങി

Thursday 14 May 2026 12:07 AM IST

ബംഗളുരു: മുൻ ബി.ജെ.പി സർക്കാരിന്റെ കാലത്ത് കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കിയ ഹിജബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യ സർക്കാർ. 2022ൽ ബി.ജെ.പി സർക്കാർ ഏർപ്പെടുത്തിയ വിവാദമായ ഉത്തരവാണ് കോൺഗ്രസ് സർക്കാർ പിൻവലിച്ചത്. ഉത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. നിശ്ചയിച്ചിട്ടുള്ള യൂണിഫോമിനൊപ്പം പരമ്പരാഗതവും ആചാരപരവുമായ അടയാളങ്ങൾ ധരിക്കാന വിദ്യാർത്ഥികൾക്ക് അനുമതി ഉണ്ടാകുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

ഉഡുപ്പിയിലെ ഒരു സർക്കാർ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ തടഞ്ഞതാണ് വിവാദമായത്. തുടർന്ന് യൂണിഫോം നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 5ന് ബി.ജെ.പി സർക്കാർ ഉത്തരവിറക്കി. 2022 മാർച്ചിൽ കർണാടക ഹൈക്കോടതി ഹിജാബ് നിരോധനം ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അവിഭാജ്യ ഘടകമല്ലെന്നായിരുന്നു കോടതി നിരീക്ഷണം. കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ രണ്ടംഗ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചു. ഇതോടെ വിഷയം വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്,​

ഹിജാബ് നിരോധനം പിൻവലിക്കൽ ഉൾപ്പെടെ മുസ്ലിങ്ങൾക്ക് കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ മൂന്നു വർഷമായിട്ടും പാലിക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച ബംഗളുരുവിൽ സമ്മേളനം നടക്കാനിരിക്കെയാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.