തമിഴ്നാട് മന്ത്രിസഭ: ആഭ്യന്തരവും വനിതാശിശു ക്ഷേമവും വിജയ്‌ക്ക്, കെ എ സെങ്കോട്ടയ്യൻ ധനമന്ത്രി

Sunday 17 May 2026 3:54 AM IST

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി. വിജയ് പൊതുഭരണം,ആഭ്യന്തരം,വനിതായുവജന ക്ഷേമം,തദ്ദേശം,നഗര വികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ രണ്ടാമനായ എൻ. ആനന്ദിന് ഗ്രാമീണ വികസന,ജലവിഭവ വകുപ്പുകളുടെ ചുമതലയാണ്.

മുതിർന്ന മന്ത്രിസഭാംഗമായ കെ.എ. സെങ്കോട്ടയ്യനാണ് ധനകാര്യമന്ത്രി. ആർ. നിർമ്മൽകുമാറിന് ഊർജ്ജനിയമ വകുപ്പുകളാണ് നൽകിയിട്ടുള്ളത്. എസ്. കീർത്തന വ്യവസായമന്ത്രി. പൊതുമരാമത്ത്,കായിക വികസന വകുപ്പുകളാണ് ആദവ് അർജുനയ്ക്ക്. ആരോഗ്യകുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.ജി. അരുൺരാജാണ്. സിവിൽ സപ്ലൈസ്,ഉപഭോക്തൃ സംരക്ഷണം,വിലനിയന്ത്രണം എന്നിവയടങ്ങുന്ന ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് പി. വെങ്കട്ടരമണന് നൽകി.

സ്‌കൂൾ വിദ്യാഭ്യാസം,തമിഴ് വികസനം,വിവര പൊതുജനസമ്പർക്കം എന്നീ വകുപ്പുകൾ രാജ്‌മോഹൻ കൈകാര്യം ചെയ്യും. ഡോ.കെ.ജി.പ്രഭു പ്രകൃതിവിഭവ വകുപ്പ് മന്ത്രിയായി. മുഖ്യമന്ത്രി സ്ഥാനമേറ്റ് ഒരു ആഴ്ചയ്ക്ക് ശേഷമാണ് വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെയുണ്ടായത്.