പോകേണ്ടവർക്ക് പോകാം തൃണമൂൽ തലകുനിക്കില്ല, മുന്നിലെത്തുമെന്ന് മമത

Sunday 17 May 2026 3:30 AM IST

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ തൃണമൂൽ കോൺഗ്രസ്. പാർട്ടി ഘടന പുനർനിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് തൃണമൂൽ അദ്ധ്യക്ഷയും ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജി അണികളോട് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ വസതിയിൽ നടന്ന പ്രവർത്തകയോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. പാർട്ടി വിടാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെ ചെയ്യാം. 'മറ്റ് പാർട്ടികളിലേക്ക് പോകുന്നവർക്ക് പോകാം. അതിനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്. ആരെയും തടഞ്ഞുനിറുത്തില്ല. ഞാൻ വീണ്ടും പാർട്ടിയെ മുന്നിലെത്തിക്കും. തകരാറിലായ പാർട്ടി ഓഫീസുകൾ പുനർനിർമ്മിക്കും. ഒപ്പമുള്ളവരോട് പറയാനുള്ളത്,​ തൃണമൂൽ കോൺഗ്രസ് ഒരിക്കലും തലകുനിക്കില്ല"- മമത പറഞ്ഞു.

പിന്നീട് തൃണമൂലിന്റെ എക്സ് ഹാൻഡിലിൽ യോഗത്തിന്റെ ഫോട്ടോകൾ പോസ്റ്ര് ചെയ്തുകൊണ്ട് തൃണമൂൽ ഒരു കുംടുംബമായി,​ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് മമത കുറിച്ചു. ശക്തമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സ്ഥാനാർത്ഥികളെ പ്രശംസിച്ചു. സങ്കൽപ്പിക്കാനാവാത്ത അതിക്രമങ്ങളും നിരന്തരമായ ഭീഷണികളും നേരിട്ടിട്ടും അവർ അതുല്യമായ ധൈര്യത്തോടെ പോരാടി. ജനവിധിയെ കൊള്ളയടിക്കുന്നവരുടെ മുന്നിൽ ഞങ്ങൾ ഒരിക്കലും തലകുനിക്കില്ല. സത്യം വിജയിക്കുമെന്നും കുറിച്ചു.