പുട്ടിൻ ചൈനയിലേക്ക്
മോസ്ക്കോ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ദ്വിദിന സന്ദർശനത്തിന് ചൈനയിലേക്ക്. 19, 20 തീയതികളിലായിട്ടാണ് സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ പ്രത്യേക ക്ഷണപ്രകാരമാണിത്. നിലവിലെ അന്താരാഷ്ട്രമേഖലാ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. റഷ്യ- ചൈന സൗഹൃദ ഉടമ്പടിയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണ് സന്ദർശനം. പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ ഇന്ധന വ്യാപാരവും ഉഭയകക്ഷി സാമ്പത്തിക ഇടപാടുകളും കേന്ദ്ര പരിഗണനയാവും. അമേരിക്കയും സഖ്യകക്ഷികളും ഉയർത്തുന്ന ഭീഷണികൾക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന സന്ദേശവുമാണ് ഇതിൽ വിലയിരുത്തപ്പെടുന്നത്. മേയ് 15നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയത്. ഏതാണ്ട് ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിച്ചത്.
ചൈനീസ് സമ്മാനം ഉപേക്ഷിച്ച് ട്രംപ്
വാഷിംഗ്ടൺ: ലോകം ഉറ്റുനോക്കിയ സന്ദർശനം കഴിഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സംഘവും ചൈനയിൽ നിന്ന് മടങ്ങുംവഴി സമ്മാനങ്ങൾ വഴിയിലുപേക്ഷിച്ചു. ബീജിംഗ് വിമാനത്താവളത്തിലാണ് ഉപേക്ഷിച്ചത്. ചൈനയിൽനിന്നുള്ള യാതൊരു വസ്തുവും ഔദ്യോഗിക വിമാനമായ 'എയർഫോഴ്സ് വണ്ണിൽ' കയറ്റരുതെന്ന കർശന സുരക്ഷാനിർദ്ദേശത്തെ തുടർന്നായിരുന്നു നടപടി. ചൈനീസ് അധികൃതർ നൽകിയ തിരിച്ചറിയൽ കാർഡുകൾ, പാസുകൾ, ഉദ്യോഗസ്ഥർക്ക് നൽകിയ താത്കാലിക ഫോണുകൾ, ബാഡ്ജുകൾ, മറ്റ് ഉപഹാരങ്ങൾ എന്നിവയെല്ലാം ഉപേക്ഷിച്ചു.