സംശയിച്ച് സുപ്രീംകോടതി: കേരളത്തിൽ ഇംഗ്ലീഷിൽ വാദം കേൾക്കാനാകുമോ

Friday 22 May 2026 12:27 AM IST

ന്യൂഡൽഹി: കേരളത്തിലെ കോടതികളിൽ ഇംഗ്ലീഷിലെ വാദംകേൾക്കൽ ഉറപ്പാക്കാൻ കഴിയുമോയെന്നതിൽ സംശയം പ്രകടിപ്പിച്ച് സുപ്രീംകോടതി. മലയാളികൾക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും ആ ഭാഷയിൽ സംസാരിക്കാൻ അവർ താത്പര്യപ്പെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിവാഹമോചനക്കേസ് പഞ്ചാബിലെ ലുധിയാനയിലേക്ക് മാറ്റണമെന്ന പഞ്ചാബീയുവതിയുടെ ഹർജി അനുവദിച്ചു.

കുട്ടിയുടെ കാര്യത്തിലടക്കം തർക്കമുള്ള കേസിൽ ഭാഷാപ്രശ്‌നം വാദംകേൾക്കലിനെ ബാധിച്ചേക്കുമെന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. കേരളത്തിൽ എല്ലാവർക്കും ഇംഗ്ലീഷ് അറിയാമെന്ന് ഭർത്താവിന്റെ അഭിഭാഷകൻ അൽജോ കെ.ജോസഫ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

2017ലാണ് പഞ്ചാബീയുവതി മലയാളി യുവാവിനെ വിവാഹം ചെയ്‌തത്. ദമ്പതികൾ യു.കെയിൽ താമസമായതോടെ വിവാഹബന്ധത്തിൽ വിള്ളലുണ്ടായി. 2023 വരെ ഒരുമിച്ച് ജീവിച്ചു. അഭിപ്രായവ്യത്യാസം രൂക്ഷമായതോടെ ഭർത്താവ് കുട്ടിയുമായി കേരളത്തിലേക്ക് തിരിച്ചെത്തി. തുടർന്ന് വിവാഹമോചനക്കേസ് നൽകുകയായിരുന്നു.