കുത്തിവയ്‌ക്കുന്ന മരുന്നുകൾ കോസ്‌മെറ്റിക്‌സ് അല്ല

Friday 22 May 2026 12:31 AM IST

ന്യൂഡൽഹി: ചർമ്മകാന്തി വർദ്ധിപ്പിക്കാനും മറ്റുമായി ശരീരത്തിൽ കുത്തിവയ്‌ക്കുന്ന മരുന്നുകളെ സൗന്ദര്യവർദ്ധക വസ്‌തുക്കൾ (കോസ്‌മെറ്റിക്‌സുകൾ) എന്ന വിഭാഗത്തിൽപ്പെടുത്താൻ കഴിയില്ലെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്‌.സി.ഒ).

കുത്തിവയ്ക്കാവുന്ന രൂപത്തിൽ വിതരണം ചെയ്യുന്ന ഉത്പന്നങ്ങളെ 1940ലെ ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്‌സ് നിയമപ്രകാരം സൗന്ദര്യ വർദ്ധക വസ്തുക്കളായി പരിഗണിക്കാനാകില്ല. അത്തരം വസ്‌തുക്കൾ കുത്തിവയ്ക്കാൻ അനുവാദമില്ലെന്നും ഡ്രഗ്സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ ഡോ.രാജീവ് സിംഗ് രഘുവംശി പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.

കുത്തിവയ്‌ക്കുന്ന സൗന്ദര്യവർദ്ധക വസ്‌തുക്കൾ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. സൗന്ദര്യവർദ്ധക വസ്തുക്കൾ രൂപം മാറ്റി ചികിത്സയ്ക്കായി ഉപയോഗിക്കാനാകില്ല. ഇത്തരത്തിൽ ചില കമ്പനികളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അവകാശവാദങ്ങളും നിയമലംഘനമായി കരുതുമെന്നും അറിയിപ്പിൽ പറയുന്നു.