മാർക്കോ റൂബിയോ ഇന്ത്യയിൽ; ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടും
മോദിക്ക് വൈറ്റ് ഹൗസിലേക്ക് ക്ഷണം
ന്യൂഡൽഹി: നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ഇന്ത്യയിലെത്തി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും റൂബിയോയും കൂടിക്കാഴ്ച നടത്തിയെന്നും സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചയായെന്നും ഇന്ത്യയിലെ യു.എസ് അംബാസിഡർ സെർജിയോ ഗോർ അറിയിച്ചു. പ്രതിരോധം, സുരക്ഷ, വ്യാപാരം, നിർണായക സാങ്കേതികവിദ്യകൾ, നിക്ഷേപം, ഊർജ്ജ സുരക്ഷ, കണക്റ്റിവിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു. അതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം മോദിയെ റൂബിയോ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു.
റഷ്യൻ എണ്ണ വാങ്ങൽ, വ്യാപാര തീരുവ, ഓപ്പറേഷൻ സിന്ദൂർ, കുടിയേറ്റ വിഷയങ്ങൾ തുടങ്ങിയവയിൽ ഉലഞ്ഞ ഉഭയകക്ഷി ബന്ധം പൂർവ്വസ്ഥിതിയിലെത്തിക്കാൻ ഇരുരാജ്യങ്ങളും ശ്രമങ്ങൾ നടത്തുന്നതിനിടെയാണ് റൂബിയോയുടെ സന്ദർശനം. ഇന്നലെ കൊൽക്കത്തയിൽ വിമാനമിറങ്ങിയ റൂബിയോ, മദർ തെരേസയുടെ മിഷനറീസ് ഒഫ് ചാരിറ്റീസ് ആസ്ഥാനമായ മദർ ഹൗസ് സന്ദർശിച്ചു. ഇന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും. നാളെ ആഗ്രയും ജയ്‌പൂരും സന്ദർശിക്കും. ചൊവ്വാഴ്ച ക്വാഡ് രാജ്യങ്ങളായ ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കും. റൂബിയോയുടെ ഇന്ത്യയിലെ ആദ്യ ഔദ്യോഗിക സന്ദർശനത്തിനമാണിത്.
ആഗോള നന്മയ്‌ക്കായി പ്രവർത്തിക്കും: മോദി
ഇന്ത്യ - യു.എസ് പങ്കാളിത്തത്തിലെ സുസ്ഥിരമായ പുരോഗതിയും ആഗോള സമാധാനവും സുരക്ഷയും ചർച്ചയായെന്ന് മോദി എക്‌സിൽ കുറിച്ചു. ആഗോള നന്മയ്‌ക്കായി ഒന്നിച്ചു പ്രവർത്തിക്കും. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യവും ഇന്തോ-പസഫിക് മേഖലയിലെ സ്ഥിരതയും ചർച്ചയായി. സമാധാന ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ ആവർത്തിച്ച മോദി ട്രംപിനോട് ആശംസ അറിയിക്കണമെന്നും പറഞ്ഞു.