കാശ്മീരിൽ മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യം: കേബിൾ കാറിൽ കുടുങ്ങിയ സഞ്ചാരികളെ രക്ഷിച്ചു
മലയാളികൾ അടക്കം 300 പേർ സുരക്ഷിതർ
ശ്രീനഗർ: ജമ്മു കാശ്മീരിലെ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെത്തുടർന്ന് നിശ്ചലമായ കേബിൾ കാറുകളിൽ കുടുങ്ങിയ മലയാളികൾ അടക്കം 300 സഞ്ചാരികളെ രക്ഷപ്പെടുത്തി. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിൽ ഇന്നലെ രാത്രി ഏഴരയോടെയാണ് രക്ഷാദൗത്യം പൂർത്തിയായത്.
മോശം കാലാവസ്ഥയെത്തുടർന്നാണ് കേബിൾ കാർ സംവിധാനത്തിൽ തകരാറുണ്ടായതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), പൊലീസ് എന്നിവയ്ക്കൊപ്പം കരസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അതേസമയം, കനത്ത മഞ്ഞ് വീഴ്ചയും മഴയും രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കരസേനയും ജമ്മു കാശ്മീർ പൊലീസും മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് 65 ക്യാബിനുകൾ പാതിവഴിയിൽ നിശ്ചലമായത്. തിരുവനന്തപുരം സ്വദേശിയും കുടുങ്ങിയവരിലുണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസവും ഇതേ തകരാറിനെ തുടർന്ന് കേബിൾ കാർ ഒരുമണിക്കൂറോളം തടസപ്പെട്ടിരുന്നു. നിലവിൽ ഗോണ്ടോള സർവീസ് രണ്ട് ദിവസത്തേക്ക് നിറുത്തിവച്ചു. അതേസമയം,അമിതഭാരമാണ് തകരാറിന് കാരണമെന്ന റിപ്പോർട്ടുമുണ്ട്.
2017 ജൂണിൽ ഗോണ്ടോള അപകടം നടന്നിരുന്നു. മരം വീണുണ്ടായ അപകടത്തിൽ ഏഴ് പേരാണ് മരിച്ചത്.
സർവീസ് രണ്ടുഘട്ടങ്ങളായി
സമുദ്ര നിരപ്പിൽ നിന്ന് 8,694 മുതൽ 12,959 അടി ഉയരത്തിൽ വരെ സ്ഥിതി ചെയ്യുന്ന കാശ്മീരിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് ഗുൽമാർഗ്
രണ്ട് ഘട്ടങ്ങളിലായി റോപ്പ്വേയിലൂടെ ഗുൽമാർഗിൽ നിന്ന് കോങ്ഡോറിയിലേക്കും തുടർന്ന് 3,950 മീറ്റർ മുതൽ 4,200 മീറ്റർ വരെ ഉയരമുള്ള അഫർവത് കൊടുമുടിയുടെ ചരിവുകളിലേക്കും സർവീസ് നടത്തും
ഇവിടുത്തെ ഗൊണ്ടോള കേബിൾ കാർ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും നീളമേറിയതും. ഫ്രഞ്ച് കമ്പനിയായ പൊമഗൽസ്കിയാണ് നിർമ്മിച്ചത്.