സാങ്കേതിക തകരാർ എട്ട് മണിക്കൂർ പറന്ന് എയർ ഇന്ത്യ തിരിച്ചിറക്കി

Thursday 28 May 2026 2:46 AM IST

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ ഡൽഹി- സാൻ ഫ്രാൻസിസ്‌കോ വിമാനം ‌ഡൽഹിയിൽ തിരിച്ചിറക്കി. ഡൽഹിയിൽ നിന്ന് 230 യാത്രക്കാരുമായി പറന്നുയർന്ന് എട്ട് മണിക്കൂറിലധികം സഞ്ചരിച്ച ശേഷമാണ് തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇന്നലെ 3:09നാണ് എയർ ഇന്ത്യ വിമാനം എ.ഐ 173 പുറപ്പെട്ടത്. മൂന്നുമണിക്കൂറിന് ശേഷം ചൈനീസ് വ്യോമാതിർത്തിയിലെത്തിയപ്പോൾ സാങ്കേതിക തകരാർ കണ്ടുപിടിക്കുകയായിരുന്നു. വിമാനത്തിന്റെ ട്രാഫിക് കൊളീഷൻ അവോയ്ഡൻസ് സിസ്റ്റത്തിനുണ്ടായ പ്രശ്നമാണെന്നാണ് റിപ്പോർട്ട്. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അവരെ എത്രയും വേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. കഴിഞ്ഞ 2മാസത്തിനിടെ രണ്ടാംതവണയാണ് സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടർന്ന് എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കുന്നത്.