ഡി.കെ മുഖ്യമന്ത്രി പദത്തിലേക്ക്, സിദ്ധരാമയ്യ ഇന്ന് രാജി സമർപ്പിച്ചേക്കും

Wednesday 27 May 2026 10:48 PM IST

അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് നി‌ർദ്ദേശം

ബംഗളൂരു: കർണാടക കോൺഗ്രസിനകത്ത് രാഷ്ട്രീയ നാടകങ്ങൾ തുടരവെ,​ മുഖ്യമന്ത്രി പദവിയൊഴിയാൻ സിദ്ധരാമയ്യ സമ്മതിച്ചതായി സൂചന. ഇന്ന് ഉച്ചയ്‌ക്കുശേഷം ഗവർണർ തവർചന്ദ് ഗെഹ്‌ലോട്ടിനെ സന്ദ‌ർശിച്ച് രാജിക്കത്ത് കൈമാറിയേക്കും. കർണാടകയിലെ കോൺഗ്രസ് എം.എൽ.എ അശോക് കെ. പട്ടാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഗവ‌ർണറുടെ സമയം സിദ്ധരാമയ്യ ചോദിച്ചിട്ടുണ്ട്. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നാളെ നടന്നേക്കും. അതിൽ ഡി.കെ. ശിവകുമാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തേക്കും. സത്യപ്രതിജ്ഞ വൈകില്ല. മന്ത്രിസഭാംഗങ്ങൾക്ക് സിദ്ധരാമയ്യ ഇന്ന് പ്രഭാതക്ഷണമൊരുക്കിയിട്ടുണ്ട്. വാർത്താസമ്മേളനവും വിളിച്ചേക്കും. അതേസമയം​ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കർണാടകയുടെ ചുമതലയുള്ള രൺദീപ് സുർജെവാല മാദ്ധ്യമങ്ങളോട് അഭ്യർത്ഥിച്ചു. നേതൃമാറ്റത്തിൽ തീരുമാനമുണ്ടായാൽ ജനങ്ങളെ അറിയിക്കും. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി. എന്നാൽ ബംഗളൂരു സദാശിവനഗറിലെ ശിവകുമാറിന്റെ വീടിനുമുന്നിലടക്കം അദ്ദേഹത്തിന്റെ അനുകൂലികൾ പടക്കം പൊട്ടിച്ചു. മധുരപലഹാരങ്ങൾ വിതരണം ചെയ്‌തു.

ഹൈക്കമാൻഡിന്റെ

നിർണായക ഇടപെടൽ

ഹൈക്കമാൻഡ് തീരുമാനം ഇരുവരും അനുസരിക്കുന്നുവെന്നാണ് പല കോൺഗ്രസ് നേതാക്കളുടെയും പ്രതികരണം. 2023ൽ കോൺഗ്രസ് അധികാരത്തിലെത്തിയപ്പോൾ,​ രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ധാരണയുണ്ടായിരുന്നു. ഇതാണ് ഇപ്പോഴത്തെ നേതൃമാറ്റത്തിന് കാരണം. ഡൽഹിയിൽ കഴി‌ഞ്ഞദിവസങ്ങളിൽ മാരത്തൺ ചർച്ച നടന്നിരുന്നു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ,​ രാഹുൽ ഗാന്ധി,​ കെ.സി.വേണുഗോപാൽ,​ രൺദീപ് സുർജെവാല എന്നിവർ ഇരുനേതാക്കളുമായും ചർച്ച നടത്തി. സിദ്ധരാമയ്യയെ അനുനയിപ്പിച്ച ഹൈക്കമാൻഡ്,​ അധികാര കൈമാറ്റത്തിന് പച്ചക്കൊടി വീശിയെന്നാണ് റിപ്പോർട്ടുകൾ. സിദ്ധരാമയ്യയെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നേക്കും. രാജ്യസഭാ സീറ്റും സംഘടനാ ഉത്തരവാദിത്തവുമുൾപ്പെടെ നൽകിയേക്കും.