കുഞ്ഞുങ്ങൾക്ക് ക്രൂരപീഡനം: നിയമ നടപടിയ്ക്ക് ഫ്രാൻസ്
പാരീസ്: ബാലപീഡന വിവാദത്തിലുലഞ്ഞതോടെ നിയമ നടപടിയ്ക്ക് ഒരുങ്ങി ഫ്രാൻസ് ഭരണകൂടം. പാരീസിലെ സ്കൂളുകളിൽ താത്കാലിക ജീവനക്കാരായ സ്കൂൾ മോണിറ്റർമാർ കൊച്ചുകുട്ടികളെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണമാണ് ഉയരുന്നത്. നിലവിൽ നൂറിലധികം കേസുകളാണ് പാരീസ് പൊലീസ് അന്വേഷിക്കുന്നത്. മൂന്നും നാലും വയസുള്ള കുഞ്ഞുങ്ങളെപ്പോലും ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചതായാണ് റിപ്പോർട്ടുകൾ.
84 പ്രീസ്കൂളുകളും 20 പ്രൈമറി സ്കൂളുകളും പത്ത് ഡേകെയർ സെന്ററുകളുമുൾപ്പെടെ ഊർജ്ജിതമായ അന്വേഷണമാണ് നടന്നു വരുന്നത്. പീഡന പരാതികളുമായി ബന്ധപ്പെട്ട് ഈ വർഷം ജനുവരി മുതൽ ഏപ്രിൽ വരെ 78 സ്കൂൾ ജീവനക്കാരെ അധികൃതർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകളിലും ഉറക്കസമയങ്ങളിലും സ്കൂൾ മോണിറ്റർമാർ കുട്ടികളോട് മോശമായി പെരുമാറിയെന്നാണ് പരാതി. മൂന്ന് വയസുള്ള കുഞ്ഞുങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായി വരെ പരാതികളുണ്ട്. അക്രമം, ലൈംഗികാതിക്രമം, ബലാത്സംഗം എന്നീ പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
പ്രാദേശിക കൗൺസിലുകളാണ് മണിക്കൂർ വേതനാടിസ്ഥാനത്തിൽ മോണിറ്റർമാരെ ജോലിക്കെടുക്കുന്നത്. ഇവർക്ക് ആവശ്യമായ യോഗ്യതയോ പരിശീലനമോ ഇല്ലെന്നും ആരോപണമുയരുന്നുണ്ട്. ആരോപണങ്ങൾ ഗൗരവമായി എടുക്കണമെന്ന് ആവശ്യപ്പെട്ട് വർഷങ്ങളായി തങ്ങൾ സർക്കാരിനെ സമീപിച്ചിരുന്നതായാണ് മാതാപിതാക്കൾ പറയുന്നത്. കൃത്യമായ റിക്രൂട്ട്‌മെന്റ് പ്രക്രിയ നടക്കാത്തതിനാലാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായതെന്നാണ് അവർ പരാതിപ്പെടുന്നത്.
ഫ്രാൻസിലെ പൊതുവിദ്യാഭ്യാസ രംഗം മികച്ചതാണെങ്കിലും കുട്ടികളുടെ സുരക്ഷ ഉറപ്പുനൽകാൻ ഈ സംവിധാനത്തിന് കഴിയുന്നില്ലെന്ന് മാതാപിതാക്കളുടെ അഭിഭാഷകർ കുറ്റപ്പെടുത്തി. വീഴ്ച പരിഹരിക്കുന്നതിനായി പാരീസിലെ പുതിയ മേയർ ഇമ്മാനുവൽ ഗ്രെഗോയർ പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.