പോർട്ടൽ തുറന്നില്ല- സി.ബി.എസ്.ഇ വീണ്ടും ചതിച്ചു, പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാനാവുന്നില്ല
വിദ്യാർത്ഥികൾ കടുത്ത ആശങ്കയിൽ
ന്യൂഡൽഹി: പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ സജ്ജമാക്കുന്നതിൽ സി.ബി.എസ്.ഇ വീണ്ടും പരാജയപ്പെട്ടു. കഴിഞ്ഞ മാസം 19മുതൽ അടിക്കടി തടസ്സം നേരിട്ട പോർട്ടൽ ഇന്നലെ മുതൽ പൂർണസജ്ജമാവുമെന്നാണ് ഉറപ്പ് നൽകിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പുനർമൂല്യനിർണയത്തിനു്ള്ള ഓപ്ഷൻ ലഭ്യമായിരുന്നില്ലെങ്കിലും പാേർട്ടലിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു. ഇന്നലെ അതിനുപോലും സാദ്ധ്യമായില്ല.
മൂല്യനിർണയത്തിലെ പേപ്പർ സ്കാനിംഗിൽ വൻവീഴ്ച സംഭവിച്ചതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അർഹിക്കുന്ന മാർക്ക് ലഭിച്ചിരുന്നില്ല. പുനർമൂല്യനിർണയം നടത്താനുള്ള അപേക്ഷ നൽകാൻപോലും കഴിയാത്ത അവസ്ഥയിൽ അന്ധാളിച്ച് നിൽക്കുകയാണ് വിദ്യാർത്ഥികൾ.
ഐ.ഐ.ടി, സൈബർ വിദഗ്‌ദ്ധരുടെ സഹായത്തോടെ പോരായ്മകൾ പരിഹരിച്ച് അപേക്ഷാപോർട്ടൽ പൂർണസജ്ജമാക്കിയെന്നാണ് സി.ബി.എസ്.ഇയും കേന്ദ്രസർക്കാരും അവകാശപ്പെട്ടിരുന്നത്. ഇന്നലെ രാവിലെ മുതൽ പ്രവർത്തിക്കുമെന്ന് പറഞ്ഞ പോർട്ടൽ നിശ്ചലമായിരുന്നു.
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്‌ക്കുകയോ പ്രധാനമന്ത്രി പുറത്താക്കുകയോ ചെയ്യണമെന്ന് പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിഗ്‌വിജയസിംഗ് പറഞ്ഞു. നീറ്റ് ക്രമക്കേട്, സി.ബി.എസ്.ഇ വിഷയങ്ങൾ ഇന്നലെ കമ്മിറ്റി പരിശോധിച്ചിരുന്നു. എല്ലാ പാർട്ടിക്കാരും വിഷയത്തിൽ ഒരേ നിലപാടാണെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെ മെച്ചപ്പെടുത്താം എന്നതാണ് പ്രധാനം.
കോയെംപ്റ്റിനായി മാനദണ്ഡങ്ങൾ അട്ടിമറിച്ചു
1.ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ
ഒരു കരാർ കമ്പനിക്കുവേണ്ടി കുരുതി കൊടുത്തെന്ന ആക്ഷേപം ശക്തമായി. വീഴ്‌ച വരുത്തിയാൽ കരിമ്പട്ടികയിൽപ്പെടുത്താനുള്ള വ്യവസ്ഥവരെ ഒഴിവാക്കിയാണ്
ഉത്തരക്കടലാസുകളുടെ ഓൺസ്‌ക്രീൻ മാർക്കിംഗ് (ഒ.എസ്.എം) സ്‌കാനിംഗിന് ഹൈദരാബാദ് ആസ്ഥാനമായ കോയെംപ്‌റ്റ് എജ്യൂടെക്കിനെ ചുമതലപ്പെടുത്തിയത്. പെർഫോമൻസ് ബാങ്ക് ഗാരണ്ടി വ്യവസ്ഥയിലും ഇളവു നൽകി.
2. സി.ബി.എസ്.ഇയുടെ കരാറിനുള്ള പരസ്യത്തിൽ കരിമ്പട്ടികയിൽപ്പെടുത്തൽ, ബാങ്ക് ഗാരണ്ടി കണ്ടുകെട്ടൽ, ഗുരുതരമായ വീഴ്ചയ്‌ക്ക് കരാർ അവസാനിപ്പിക്കൽ തുടങ്ങിയ വ്യവസ്ഥകളുണ്ടായിരുന്നു. പിഴയും കരാർ അവസാനിപ്പിക്കലും നിലനിറുത്തി കരിമ്പട്ടിക ഉപാധി ഒഴിവാക്കി.
3. നേരത്തെ കരിമ്പട്ടികയിൽപെട്ടത് അയോഗ്യത ആകാതിരിക്കാനുള്ള തിരുത്തലും ടെൻഡറിൽ വരുത്തി. ടെൻഡർ ലഭിക്കാൻ കോയെപ്‌റ്റിന്റെ വരുമാന കണക്കുകളിൽ വെള്ളം ചേർത്തെന്ന വിവരവും പുറത്തുവന്നു.
4. 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന പരീക്ഷയ്‌ക്കായി 2025 ഡിസംബർ 5 നാണ് കമ്പനിക്ക് കരാർ അനുവദിച്ചത്. 2019 ൽ തെലങ്കാന ഇന്റർമീഡിയറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട ഗ്ലോബറീന ടെക്നോളജീസ് ആണ് കോയെംപ്‌റ്റ് എജ്യൂടെക് ആയത്. 2019ൽ ആ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു.
മന്ത്രിയുമായി ബന്ധം
കോയെംപ്‌റ്റ് കമ്പനിയുടെ ഡയറക്‌ടർ രാധാകൃഷ്‌ണൻ ജയരാമനും കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനും തമ്മിൽ അടുപ്പമുണ്ടെന്ന് ആരോപണമുണ്ട്.
ധർമ്മേന്ദ്ര പ്രധാൻ രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ വിദ്യാഭ്യാസ മന്ത്രാലയത്തിനു പുറത്ത് പ്രതിഷേധിച്ച ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്‌ത് നീക്കി.
കോക്രോച്ച് ജനതാ പാർട്ടി ജൂൺ ആറിന് ഡൽഹി ജന്ദർമന്ദറിൽ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം പ്രഖ്യാപിച്ചിട്ടുണ്ട്.