മനുഷ്യക്കടത്ത്: ചൂഷണം തടയാൻ മാർഗനിർദ്ദേശം
ന്യൂഡൽഹി: ലൈംഗിക ചൂഷണം ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്തിന് ഇരയായവരുടെ സംരക്ഷണം, പുനരധിവാസം എന്നിവയ്ക്കായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സുപ്രീംകോടതി. ഇരകൾക്ക് പുനരധിവാസത്തിനുള്ള മൗലികാവകാശമുണ്ടെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ.മഹാദേവൻ എന്നിവരുൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി.
ഡി.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റുകൾ രൂപീകരിക്കണം. യൂണിറ്റിൽ കുറഞ്ഞത് രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും സൈബർ ക്രൈം ഓഫീസർമാരെയും ഉൾപ്പെടുത്തണം. മനുഷ്യക്കടത്തുകാർ, റിക്രൂട്ടർമാർ, വാങ്ങുന്നവർ, വിൽപ്പനക്കാർ, ഇരകൾ, ദുർബല സമൂഹങ്ങൾ എന്നിവരുടെ ഡാറ്റാബേസ് സൂക്ഷിക്കണം. എൻ.ജി.ഒകൾ, സാമൂഹിക പ്രവർത്തകർ, പൊലീസ്, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട രക്ഷാ സംഘങ്ങൾ രൂപീകരിക്കണം. രക്ഷാപ്രവർത്തന സമയത്ത് ഇരകളുടെ ഫോട്ടോയും വീഡിയോയും എടുക്കരുത്. ഇരകളെ ഉടൻ കുറ്റാരോപിതരിൽ നിന്ന് മാറ്റി നിറുത്തണം.