സാമ്പത്തിക പങ്കാളിത്ത ഉടമ്പടി 98 ശതമാനം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഒമാനിൽ തീരുവ ഒഴിവാക്കി

Tuesday 02 June 2026 12:20 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് കയറ്റുമതി ചെയ്യുന്ന 98.08 ശതമാനം ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ പൂർണമായി ഒഴിവാക്കി. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ഇന്നലെ നിലവിൽ വന്നതോടെയാണിത്. 2025 ഡിസംബറിൽ മസ്‌ക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒമാൻ സുൽത്താൻ ഹയ്‌താം ബിൻ അൽ സയ്‌ദുമായി കരാറിൽ ഒപ്പിട്ടത്.

ഇതുവരെ ഒമാനിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയുടെ 15.3 ശതമാനം ഉത്പന്നങ്ങൾക്ക് മാത്രമായിരുന്നു തീരുവ ഒഴിവാക്കിയിരുന്നത്. ബാക്കി ഉത്പന്നങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന അഞ്ചു മുതൽ നൂറു ശതമാനം വരെ ചുമത്തിയിരുന്ന തീരുവ ഒഴിവാക്കി. രത്നങ്ങൾ,ആഭരണങ്ങൾ,തുണിത്തരങ്ങൾ,തുകൽ,പാദരക്ഷകൾ, സ്‌പോർട്‌സ് സാധനങ്ങൾ,പ്ലാസ്റ്റിക്കുകൾ,ഫർണിച്ചർ,കാർഷിക ഉത്പന്നങ്ങൾ,എൻജിനിയറിംഗ് ഉത്പന്നങ്ങൾ,ഫാർമസ്യൂട്ടിക്കൽസ്,മെഡിക്കൽ ഉപകരണങ്ങൾ,ഓട്ടോമൊബൈലുകൾ എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും കരാർ ബാധകം.

കരാറിലൂടെ ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള പെട്രോളിയം ഉത്പന്നങ്ങൾ,വളങ്ങൾ,വ്യാവസായിക അസംസ്കൃത വസ്തുക്കൾ തുടങ്ങി 78 ശതമാനം ഉത്പന്നങ്ങളുടെ തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. പാലുത്പന്നങ്ങൾ,ധാന്യങ്ങൾ,പഴം,പച്ചക്കറി,ഭക്ഷ്യ എണ്ണകൾ,എണ്ണക്കുരുക്കൾ,റബ്ബർ,തുകൽ, സുഗന്ധവ്യഞ്ജനങ്ങൾ,പ്രധാന കാർഷിക ഉത്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ കർഷകരുടെ താത്‌പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണിത്. കരാർ വഴി ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഒമാനിലെ സോഹാർ,ദുകം, സലാല തുറമുഖങ്ങൾ വഴി ഗൾഫ്,കിഴക്കൻ ആഫ്രിക്കൻ വിപണികളിലേക്കും പ്രവേശിക്കാം.

കേരളത്തിനും ഗുണം

കേരളത്തിൽ നിന്നുള്ള ചെമ്മീൻ, മത്സ്യം കയറ്റുമതിക്ക് തീരുവ ഒഴിവാകും. കുരുമുളക്, ഏലം, ജാതി, കയർ ഉൽപന്നങ്ങൾ, സമുദ്രവിഭവങ്ങൾ, നാളികേര ഉൽപന്നങ്ങൾ, ആയുർവേദ ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷ്യ വസ്‌തുക്കൾ എന്നിവയുടെ കയറ്റുമതിക്കും അനുകൂല സാഹചര്യമൊരുക്കും.

രത്നങ്ങൾക്കും ആഭരണങ്ങൾക്കുമുള്ള 5% ഇറക്കുമതി തീരുവ ഒഴിവാക്കി.

പ്രയോജനം ലഭിക്കുന്ന

ഉത്പന്നങ്ങൾ

 തേൻ,മസാലകൾ,കശുവണ്ടി,ബസുമതി അരി,വെണ്ണ,ബിസ്‌ക്കറ്റുകൾ, കന്നുകാലി മാംസം, മുട്ട, ആൽഫോൺസോ, കേസർ, ദശേരി ഇനങ്ങൾ ഉൾപ്പെടെയുള്ള മാമ്പഴങ്ങൾ

 മരുന്നുകൾ, വാക്‌സിനുകൾ

മെഷിനറികൾ, ഓട്ടോമൊബൈലുകൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഇരുമ്പ്, സ്റ്റീൽ, വ്യാവസായിക യന്ത്രങ്ങൾ, കമ്പ്യൂട്ടർ.

അക്കൗണ്ടിംഗ്, എൻജിനിയറിംഗ്,മെഡിസിൻ, ഐ.ടി,വിദ്യാഭ്യാസം,നിർമ്മാണം മേഖലകളിലെ പ്രൊഫഷണലുകൾക്ക് ഒമാനിൽ അവസരം.

 ബിസിനസ് സന്ദർശകർക്ക് 90 ദിവസം വരെ ഒമാനിൽ താമസിക്കാം, സ്വതന്ത്ര പ്രൊഫഷണലുകൾക്ക് 180 ദിവസം വരെയും ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്‌ഫറികൾക്ക് (ഐ.സി.ടി) 4 വർഷം വരെയും താമസിക്കാം.